KERALAlocaltop news

സർക്കാർ ആശുപത്രികളിൽ ഗുണമേന്മയില്ലാത്ത മരുന്നുകൾ : ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് :- സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്ത മരുന്നുകളിൽ ഗുണമേന്മയില്ലാത്തവ ഉൾപ്പെട്ടിട്ടുണ്ടെന്ന ഡ്രഗ്സ് കൺട്രോളറുടെ റിപ്പോർട്ട് കിട്ടിയിട്ടും മരുന്ന് വിതരണം നിർത്തിവയ്ക്കാൻ അസാധാരണമായ കാലതാമസം വരുത്തിയ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി, കുറ്റക്കാരെന്ന് കണ്ടാൽ, അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

നിസഹായരായ സാധാരണ മനുഷ്യരുടെ ജീവൻ പന്താടുന്ന തരത്തിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കുന്ന അച്ചടക്ക നടപടി മറ്റുദ്യോഗസ്ഥർക്കുകൂടി പാഠമാകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. 2013-14 സാമ്പത്തിക വർഷം വിതരണം ചെയ്ത മരുന്നുകൾക്കാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.
മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശാനുസരണം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ മെഡിക്കൽ സർവീസ് കോർപ്പറേഷനിലെ ക്വാളിറ്റി കൺട്രോളർ, മുൻ അസിസ്റ്റന്റ് മാനേജർ, മുൻ ഡെപ്യൂട്ടി മാനേജർ എന്നിവർക്കെതിരെയാണ് പരാമർശമുള്ളത്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനാണ് കമ്മീഷൻ മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം ഡി ക്ക് നിർദ്ദേശം നൽകിയത്.
സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്ത ശേഷം, മരുന്നുകൾ ഗുണമേന്മയില്ലെന്ന് കണ്ടെത്തുമ്പോൾ പിൻവലിക്കുന്നതിനു പകരം മരുന്നുകൾ മുൻകൂട്ടി വാങ്ങി ലാബ് പരിശോധന നടത്തി ഗുണമേന്മ ഉറപ്പാക്കിയ ശേഷം വിതരണം ആരംഭിക്കാനുള്ള സാധ്യത തേടണമെന്നും കമ്മീഷൻ ആരോഗ്യ സെക്രട്ടറിക്കും ഡയറക്ടർക്കും നിർദ്ദേശം നൽകി.
രോഗികൾക്ക് വിതരണം ചെയ്ത ശേഷം മരുന്നുകൾ പിൻവലിക്കുന്ന രീതി ഇതിലൂടെ അവസാനിപ്പിച്ച് ആരോഗ്യരംഗത്തെ അപകടകരമായ പ്രവണതകൾ തടയാം.
കോർപ്പറേഷന്റെ മരുന്ന് സംഭരണത്തിലും വിതരണത്തിലും കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ്.പരമ്പരാഗത ആശയവിനിമയ രീതികൾ ഉപേക്ഷിക്കണം. ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിവരം ടെസ്റ്റിംഗ് ലാബിൽ നിന്ന് കിട്ടുമ്പോൾ തന്നെ അവയുടെ വിതരണം നിർത്തിവയ്ക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകുന്നതിനായി ഇ – മെയിലും അതുപോലുള്ള ആധുനിക വാർത്താവിനിമയ സംവിധാനങ്ങളും ഉപയോഗിക്കണമെന്നും കമ്മീഷൻ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ തന്നെ പരിശോധനാ സംവിധാനങ്ങൾ വിപുലപ്പെടുത്തണം. സംഭരണ ശാലകൾ ആധുനിക നിലവാരത്തിലേക്കുയർത്തണം. കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ ആധുനീകരിക്കണമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കമ്മീഷൻ ഉത്തരവ് നൽകി.
മരുന്ന് സംഭരണം, വിതരണം, ഗുണനിലവാരമില്ലാത്ത മരുന്ന് പിൻവലിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ശാസ്ത്രീയത ഉറപ്പാക്കാൻ ആരോഗ്യ സെക്രട്ടറി സ്ഥിരം നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഗുണനിലവാരമില്ലാത്ത മരുന്നുകൾ സമയനഷ്ടം കൂടാതെ പിൻവലിക്കണം.

 

ഉപയോഗശൂന്യമായ മരുന്നുകൾ വിതരണം ചെയ്ത മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ രവി ഉള്ള്യേരി സമർപ്പിച്ച പരാതിയിൽ കമ്മീഷൻ 2019 ഓഗസ്റ്റ് 16 ന് ഒരു ഉത്തരവ് പാസാക്കിയിരുന്നു.
കമ്മീഷന്റെ അന്വേഷണ വിഭാഗം പരാതിയെ കുറിച്ച് അന്വേഷണം നടത്തി പരാതിയിൽ കഴമ്പുള്ളതായി കണ്ടെത്തി. തുടർന്ന് വിശദമായ അന്വേഷണത്തിനായി വിജിലൻസിന് വിട്ടു. വിജിലൻസ് സuത്ത് സോൺ പോലീസ് ഇൻസ്പെക്ടർ അന്വേഷണം നടത്തി 2021 ജൂൺ 7 ന് കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്ഉത്തരവ് പാസ്സാക്കിയത്.
മെഡിക്കൽ സർവീസ് കോർപ്പറേഷൻ, ഗവ. ഡ്രഗ് ടെസ്റ്റിംഗ് ലാബ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഓഫീസ് എന്നിവർ തമ്മിൽ മരുന്ന് സംഭരണത്തിലും വിതരണത്തിലും പരിശോധനയിലും പ്രൊഫഷണലിസത്തിന്റെ അഭാവമുള്ളതായി കമ്മീഷൻ വിലയിരുത്തി.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം ഡി, ആരോഗ്യ സെക്രട്ടറി, ഡയറക്ടർ എന്നിവർ മൂന്ന് മാസത്തിനകം സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close