കോഴിക്കോട് : ടോക്യോ ഒളിമ്പിക്സിൽ ബാഡ്മിന്റൺ നിയന്ത്രിച്ച ഡോ.ഫൈൻ. സി.ദത്തൻ കോഴിക്കോടിന്റെ കുരുന്ന് . കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ. ഫിസിക്കൽ എജ്യുക്കേഷൻ കോളജിന്റെ തുടക്കകാലം മുതൽ അധ്യാപികരായിരുന്ന ദേവദത്തന്റെയും ചിന്നമ്മയുടെയും മകനായ ഫൈൻ കോളജിനോടനുബന്ധിച്ച സ്റ്റാഫ് ക്വാർട്ടേഴ്സിലാണ് മാതാപിതാക്കൾക്കൊപ്പം കുട്ടിക്കാലത്ത് താമസിച്ചിരുന്നത്. 1982 – 84 കാലഘട്ടത്തിൽ കുഞ്ഞായിരിക്കുമ്പോൾ കോളജ് വളപ്പിലെ വനിതാ ഹോസ്റ്റലിലെ ” ചേച്ചി ” മാരായിരുന്നു കൂട്ടുകാർ. അക്കാലത്ത് കോളജിൽ പഠിച്ച വനിതാ താരങ്ങളിൽ പലരും പിന്നീട് സംസ്ഥാനത്തെ സ്കൂളുകളിൽ കായികാധ്യാപകരായി . ചിലർ സർവ്വീസിൽനിന്ന് അടുത്ത കാലത്ത് റിട്ടയർ ചെയ്തു. ഹോസ്റ്റലിന്റെ സമീപത്തെ പപ്പായ മരത്തിൽ പാഞ്ഞുകയറി പപ്പായ പറിച്ചിരുന്ന കുസൃതിയായ ഫൈനിനെ അന്നത്തെ വിദ്യാർത്ഥിനികൾ ഓർക്കുന്നു. ആ ഗ്രൂപ്പിലെ കായികാധ്യാപകരുടെ വാട്സ്ആപ് കൂട്ടായ്മയിൽ ആ പഴയകാല ചിത്രം ചിലർ പങ്കുവച്ചു. ടോക്യോ ഒളിമ്പിക്സിൽ ബാഡ്മിന്റൺ മത്സരങ്ങൾ നിയന്ത്രിച്ച ഡോ. ഫൈൻ. സി . ദത്തൻ തിരുവനന്തപുരം ശംഖുമുഖത്തെ ഷിഫിൻ വില്ലയിലാണ് താമസം. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ ( ബി. ഡബ്ല്യു. എഫ്) ഒളിമ്പിക്സിനായി തെരത്തെടുത്ത 26 അംഗ പാനലിലെ ഏക ഇന്ത്യക്കാരനാണ് ഇദ്ദേഹം. തിരുവനന്തപുരം ഗവ. ആയുർവേദ ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പിൽ അസോസിയേറ്റ് പ്രഫസറാണിപ്പോൾ ഫൈൻ. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, തോമസ് ആന്റ് ഊബർ കപ്പ് , സുധീർമാൻ കപ്പ് തുടങ്ങി ചാമ്പ്യൻഷിപ്പുകൾ നിയന്ത്രിച്ചതിന്റെ പരിചയമാണ് ഫൈനിന് ഒളിമ്പിക്സിൽ അമ്പയറാകാൻ തുണയായത്. വേൾഡ് ബാഡ്മിന്റൺ ഫെഡറേഷന്റെ അംഗീകാരമുള്ള അമ്പതുപേരിൽ ഒരാളാണ്. ബാഡ്മിന്റൺ കളിക്കാരുടെ മാനസീക പ്രാപ്തിയെന്ന വിഷയത്തിൽ കേരള സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. 2014 മുതൽ ബി. ഡബ്ല്യു. എഫ് എലൈറ്റ് പാനൽ അമ്പയറാണ്. എട്ട് വർഷം കേരള സ്കൂൾസ് ബാഡ്മിന്റൺ ടീമിന്റെ പരിശീലകനായി പ്രവർത്തിച്ചു. നിലവിൽ ബാഡ്മിന്റൺ ഏഷ്യയുടെ ടെക്നിക്കൽ ഒഫീഷ്യൽസ് അഡ്വൈസറും തിരുവനന്തപുരം ജില്ലാ ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ സെക്രട്ടറിയാണ് ഫൈൻ.