KERALAlocaltop news

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : കോതി കടപ്പുറത്തെ പുലിമുട്ടുകൾ ചെന്നൈ ഐ ഐ റ്റി നിർദ്ദേശ പ്രകാരം നിർമ്മിക്കാൻ 8 കോടി

കോഴിക്കോട് :- കോതി കടപ്പുറത്ത് അശാസ്ത്രീയമായി നിർമ്മിച്ച പുലിമുട്ടുകൾ കാരണം മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ ചെന്നൈ ഐ ഐ ടി യുടെ നിർദ്ദേശ പ്രകാരം പുലിമുട്ട് നിർമ്മിക്കുന്നതിന് 8 കോടി രൂപുടെ പദ്ധതിക്ക് അനുമതി നൽകിയതായി ഇറിഗേഷൻ വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പുലിമുട്ടിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കി അപകടമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

കോതി കടപ്പുറത്ത് നിർമ്മിച്ച പുലിമുട്ടുകൾ അശാസ്ത്രീയമാണെന്ന് അധികൃതർ സമ്മതിച്ചു. സുനാമി കെടുതികളുടെ പശ്ചാത്തലത്തിൽ കല്ലായി പുഴയുടെ അഴിമുഖത്ത് നിർമ്മിച്ചതാണ് പുലിമുട്ടുകൾ. വടക്ക് ഭാഗത്ത് 325 മീറ്ററും തെക്ക് ഭാഗത്ത് 225 മീറ്ററും നീളത്തിൽ പുലിമുട്ട് നിർമ്മിക്കാനാണ് ചെന്നൈ ഐ ഐ റ്റി നിർദ്ദേശിച്ചത്. എന്നാൽ ഇതിനാവശ്യമുള്ള ഫണ്ട് ലഭ്യമായില്ല. തുടർന്ന് യഥാക്രമം 155 മീറ്ററും 80 മീറ്ററും നീളത്തിൽ പുലിമുട്ട് നിർമ്മിച്ചു. ഐ ഐ ടി നിർദ്ദേശിച്ച നീളത്തിൽ പുലിമുട്ട് നിർമ്മിക്കാൻ 8 കോടി രൂപയുടെ പദ്ധതി ഒരു കരാറുകാരൻ ഏറ്റെടുത്തെങ്കിലും ആവശ്യമുള്ള കല്ലുകൾ ലഭ്യമല്ലെന്ന കാരണത്താൽ പ്രവർത്തി ആരംഭിച്ചില്ല. തുടർന്ന് ഇറിഗേഷൻ നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും ടെണ്ടർ ചെയ്യുകയും കരാറുകാരൻ ടെണ്ടർ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. കല്ലായി പുഴയിൽ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാൻ റിവർ മാനേജ്മെന്റ് ഫണ്ടിലും ദേശീയ ഹരിത ട്രൈബ്യൂണലിലും പദ്ധതി സമർപ്പിച്ചിട്ടുണ്ടന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതിക്ക് അംഗീകാരം ലഭിച്ചാലുടൻ നടപ്പിലാക്കും. ഇറിഗേഷൻ വകുപ്പ് ആവശ്യമായ നടപടി സ്വീകരിച്ച സാഹചര്യത്തിൽ പൊതു പ്രവർത്തകനായ എ സി ഫ്രാൻസിസ് സമർപ്പിച്ച പരാതി കമ്മീഷൻ തീർപ്പാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close