localPoliticstop news

ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഇടതുപക്ഷ സംയുക്ത കർഷക സമിതി നേതൃത്വത്തിൽ കോഴിക്കോട് ആദായനികുതി ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.

കോഴിക്കോട്: രാജ്യത്തെ കാർഷിക മേഖലയെ പൂർണ്ണമായും കോർപ്പറേറ്റുകൾക്ക് പണയപ്പെടുത്താനുള്ള നീക്കത്തിനെതിരായാണ് രാജ്യത്തെ കർഷകർ ഒറ്റക്കെട്ടായി പോരാട്ടം നടത്തുന്നതെന്നും രാജ്യദ്രോഹ സമരമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ ഉൾപ്പെടെ പരാജയപ്പെടുത്തിയാണ് കർഷക പ്രക്ഷോഭം മുന്നോട്ടുപോകുന്നതെന്നും സി പി ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിയും അഖിലേന്ത്യാ കിസാൻസഭ ദേശീയ സെക്രട്ടറിയുമായ സത്യൻ മൊകേരി പറഞ്ഞു.
കേന്ദ്ര ഗവണ്മെന്റിന്റെ തെറ്റായ കാർഷിക നയങ്ങൾക്കെതിരെ എട്ടു മാസമായി ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് രാജ്യവ്യാപകമായി നടക്കുന്ന കർഷ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇടതുപക്ഷ സംയുക്ത കർഷക സമിതി നേതൃത്വത്തിൽ കോഴിക്കോട് ആദായനികുതി ഓഫീസിനു മുന്നിൽ നടന്ന കർഷക ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. ജീവിതം വഴിമുട്ടുന്നു എന്ന അവസ്ഥയിലാണ് കഴിഞ്ഞ എട്ടു മാസത്തിലധികമായി കർഷകർ ഒരു വർഗം എന്ന നിലയ്ക്ക് ഒരുമിച്ച് പ്രക്ഷോഭ രംഗത്ത് വന്നിട്ടുള്ളത്. പ്രക്ഷോഭ വേദിയിൽ നിരവധി കർഷകരാണ് പല സന്ദർഭങ്ങളിലായി മരണപ്പെട്ടിട്ടുള്ളത്. എന്നാൽ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടുകൊണ്ട് പ്രക്ഷോഭം മുന്നോട്ടുപോവുകയാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നത് പ്രതീക്ഷ പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം മോദി ഗവൺമെന്റ് അധികാരത്തിൽ വന്നതുമുതൽ പൂർണ്ണമായും കോർപ്പറേറ്റ് അജണ്ടകൾ നടപ്പിലാക്കുന്ന നിലപാടുകളാണ് ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ കരിനിയമങ്ങൾ പാസാക്കുന്നത്. സമരം ചെയ്യുന്ന കർഷകരുടെ ന്യായമായ ആവശ്യങ്ങൾക്ക് നേരെ സർക്കാർ മുഖം തിരിഞ്ഞു നിൽക്കുകയാണ്. രാജ്യത്തെ അഞ്ഞൂറിലധികം വരുന്ന ചെറുതും വലുതുമായ കർഷക സംഘടനകൾ ഒരുമിച്ചു നിന്നാണ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നത്. അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ കർഷകർ ഒറ്റക്കെട്ടായി പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കെ സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. പി വി മാധവൻ, സി പി അബ്ദുറഹിമാൻ, ടി വി വിജയൻ, പി ടി ആസാദ്, കെ അനിൽ കുമാർ, സി എം പ്രഭുലേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close