കോഴിക്കോട്: കഴിഞ്ഞ വര്‍ഷം അന്തരിച്ച വടകര എസ്.വി. അബ്ദുള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട എസ്.വി. അനുസ്മരണ സമിതിയുടെ ഈ വര്‍ഷത്തെ പുരസ്‌ക്കാരം പ്രശസ്ത സംഗീതജ്ഞന്‍ കൂത്തുപറമ്പ് ഉസ്താദ് ഹാരിസ് ഭായിക്ക് നല്‍കും.
വി.ടി. മുരളി, ബഷീര്‍ തിക്കോടി, ഫൈസല്‍ എളേറ്റില്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഓഗസ്റ്റ് 16ാം തിയ്യതി കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
നിരവധി സംഘടനകള്‍ക്ക് കാഴ്ചവെട്ടം സമ്മാനിച്ച എസ്.വി. പല സംഘടനകളിലും സംസ്ഥാന നേതൃപദവികളില്‍ വരെ അവരോധിക്കപ്പെട്ടിട്ടുണ്ട്.
പുതുവഴികള്‍ നിര്‍മ്മിച്ച് പുതുകാലത്തിലേക്ക് വികസിക്കാനുള്ള പ്രാപ്തി നല്‍കി പ്രതിഭാ സ്പര്‍ശമുള്ളവരെ കര്‍മ്മ പദത്തില്‍ ഉത്സുകരാക്കി സ്ഥിരോത്സാഹത്തോടെ തന്റെ കാലത്തെ അടയാളപ്പെടുത്തിയ വ്യക്തിയാണ് എസ്.വി. അബ്ദുള്ള. ജനാധിപത്യപരവും, ബഹുസ്വരവുമായ നിലപാടുകളാല്‍ മാതൃകാ ജീവിതം തീര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. എസ്.വി.യുടെ ഓര്‍മ്മ നിലനിര്‍ത്താനാണ് എസ്.വി. അനുസ്മരണ സമിതി രൂപീകരിച്ചത്.
ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് ഉസ്താദ് ഹാരിസ് ഭായി, അറുപത് വര്‍ഷക്കാലമായി സംഗീത സപര്യയില്‍ മുഴുകിയ വ്യക്തിത്വമാണ്. കേരളത്തിന്റെ അല്ലാരഖയെന്നോ തബല മാന്ത്രികനെന്നോ നിസംശയം വിശേഷിപ്പിക്കാന്‍ കഴിയുന്ന അതുല്ല്യ പ്രതിഭാധനനാണ് ഹാരിസ് ഭായി. ഫ്രാന്‍സ്, റഷ്യ, ഇറ്റലി, ചൈന, എന്നീ വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ശിശ്യ സമ്പത്തുണ്ട് ഉസ്താദിന്. രമേശ് നാരായണന്‍, ഷഹബാസ് അമന്‍, പ്രദീപ് തലശ്ശേരി തുടങ്ങി എത്രയോ പ്രശസ്തരും ശിശ്യ ഗണത്തില്‍ പെടും. കേവല വാദ്യാധ്യാപനത്തിന് പുറമേ മുംബൈയിലെ അഖില ഭാരത് മഹാ ഗന്ധര്‍വ്വ് വിദ്യാലയ മണ്ഡല്‍, കൊല്‍ക്കത്തയിലെ ഭാരത് സംഗീത പരിഷത്ത് എന്നീ സര്‍ക്കാര്‍ അംഗീകൃത സംഗീത കോഴ്‌സുകള്‍ പഠിക്കുവാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നു എന്ന് മാത്രമല്ല, ഉസ്താദ് ഈ സ്ഥാപനങ്ങളില്‍ നിരവധി തവണ ക്‌ളാസെടുക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ കൂത്തുപറമ്പിലെ സീനത്ത് മന്‍സില്‍ എന്ന അദ്ദേഹത്തിന്റെ ‘അബ്ബാ ഖരാന’ ഇതിനകം സംഗീതാസ്വാദകരുടെ തീര്‍ത്ഥാടന കേന്ദ്രമായി തീര്‍ന്നിട്ടുണ്ട്.