കോഴിക്കോട്: കായികതാരവും കോഴിക്കോട് ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജിലെ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമായ അരിക്കുളം കാരയാട്ടെ അഞ്ജിതക്കായി സ്നേഹവീട് ഒരുങ്ങുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്നാണ് വീട് നിര്‍മിക്കുന്നത്. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മാണമാരംഭിച്ച വീടിന്റെ മെയിന്‍ സ്ലാബ് വാര്‍പ്പ് പൂര്‍ത്തിയാക്കി. മാസങ്ങള്‍ക്ക് മുമ്പ് സൗഹൃദ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് സഹപാഠികളും അധ്യാപകരും അഞ്ജിതയുടെ വീടിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയത്. ഇതോടെയാണ് വീട് നിര്‍മാണത്തെ കുറിച്ച് ആലോചനകള്‍ നടന്നതും നാട്ടുകാരുടെ സഹകരണത്തോടെ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചതും. സഹപാഠികളും അധ്യാപകരുമാണ് നിര്‍മാണത്തിന്റെ പ്രാഥമിക പ്രവൃത്തികള്‍ നിര്‍വഹിച്ചത്.
കായികാധ്യാപികയാവണമെന്നാണ് ഒട്ടേറെ കായിക ഇനങ്ങളില്‍ കഴിവുതെളിയിച്ച അഞ്ജിതയുടെ മോഹം.
കോളിയോട്ട് മീത്തല്‍ ഗോപാലന്- നാരായണി ദമ്പതികളുടെ മകളാണ് അഞ്ജിത. ചുമട്ട് തൊഴിലാളിയായിരുന്ന പിതാവ് അസുഖബാധിതനായി ജോലിക്ക് പോകാന്‍ കഴിയാതായതോടെ ഏറെ പ്രയാസത്തിലാണ് അഞ്ജിതയുടെ കുടുംബം.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റും കോഴിക്കോട് ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ് വൈസ് പ്രിന്‍സിപ്പലുമായ ഡോ. റോയി ജോണ്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്ററും ഗ്രാമപഞ്ചായത്ത് അംഗം ബിനിത ചെയര്‍പെഴ്സണും എം.സി രാജീവന് കണ്‍വീനറും കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ വോളിബോള്‍ ക്യാപ്റ്റന്‍ രഞ്ജിത്ത്കുമാര്‍ ട്രഷററുമായ ജനകീയ കമ്മിറ്റിയാണ് വീട് നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും സാമ്പത്തിക സഹായത്തിലാണ് ആദ്യഘട്ട നിര്‍മാണം നടന്നുവരുന്നത്. നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനില്‍ പാറശ്ശേരി, സുര ചെറുവത്ത്, ഗിരീഷ് യു.എം വാസു, കരുണന്, ശ്രീധരന് കണ്ണമ്പത്ത് തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയാക്കണമെങ്കില്‍ ഇനിയുമേറെ തുക കണ്ടെത്തേണ്ടതുണ്ട്. ഇതിനായി സുമനസ്സുകളുടെ സഹായം അഭ്യര്‍ഥിക്കുകയാണ് നിര്‍മാണ കമ്മിറ്റി. ഫെഡറല്‍ ബാങ്ക് മേപ്പയ്യൂര്‍ ബ്രാഞ്ചില്‍ 20490100117604 എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.