കോഴിക്കോട്: നടക്കാവ് മുതൽ വെസ്റ്റ്ഹിൽ വരെ റെയിൽവേ ലൈനിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ഏക ആശ്രയമായ വരക്കൽ റെയിൽവേ ലെവൽക്രോസ് അകാരണമായി അടച്ചിടുന്ന റെയിൽവേ അധികൃതരുടെ നടപടിയിൽ വെസ്റ്റ്ഹിൽ വികസനസമിതി ശക്തമായി പ്രതിഷേധിച്ചു.
യാതൊരു മുന്നറിയിപ്പുമില്ലാതെ താൽക്കാലികം എന്ന് പറഞ്ഞുകൊണ്ട് വെസ്റ്റ്ഹിൽ റെയിൽവേഗേറ്റ് സ്ഥിരമായി കെട്ടിയടച്ചിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിരിക്കുകയാണ് എന്നിട്ടും നാട്ടുകാരോട് ഉള്ള റെയിൽവേയുടെ അവഗണന തുടരുന്നതിൽ ബന്ധപ്പെട്ട അധികൃതർ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും വെസ്റ്റ്ഹിൽ വികസനസമിതി റെയിൽവേ മന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
വിവിധ മതവിഭാഗങ്ങളുടെ ശ്മശാനങ്ങളും എൻസിസി കാൻ്റീനും വ്യാപാര വ്യവസായ സ്ഥാപനങ്ങളും ഉള്ള റെയിലോരത്തിന് പടിഞ്ഞാറ് ഭാഗത്തേക്ക് നടക്കാവ് മുതൽ വെസ്റ്റ്ഹിൽ വരെയുള്ള പ്രദേശത്തെ ജനങ്ങൾക്ക് യാത്ര ചെയ്യാൻ ഏക ആശ്രയമാണ് വരക്കൽ റെയിൽവേ ലെവൽക്രോസ്.
മതിയായ ജീവനക്കാരില്ല എന്ന ഒറ്റ കാര്യം പറഞ്ഞ് വരക്കൽ ഗേറ്റ് അടച്ചിടുന്ന ജനദ്രോഹ നടപടി അവസാനിപ്പിക്കണമെന്നും ആവശ്യത്തിനുള്ള ജീവനക്കാരെ അടിയന്തരമായി നിയമിച്ച് ജനങ്ങളുടെ യാത്രാ ദുരിതത്തിന് അറുതി വരുത്തണമെന്നും വെസ്റ്റിഹിൽ വികസന സമിതി യോഗം ആവശ്യപ്പെട്ടു യോഗത്തിൽ സമിതി ചെയർമാൻ സുധീഷ് കേശവപുരി അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ ഹർഷൻ കെ.ആർ, ജ്യോതി കാമ്പുറം, പി എം അനൂപ് കുമാർ, പി കെ ശ്രീ രഞ്ജൻ, വളപ്പിൽ ശശിധരൻ, ടി കെ വിനോദ് എന്നിവർ പ്രസംഗിച്ചു.