കോഴിക്കോട് : സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി പുന്നക്കോട്ടിൽ മുഹമ്മദ് സലീമാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്‌ത ഇയാളെ കൊരട്ടിയിലെ കേസിൽ പ്രതിചേർത്തു. ചോദ്യംചെയ്യലിന് ശേഷം കോഴിക്കോട് കേസിലും പ്രതിയാക്കി. സി ബ്രാഞ്ച് അസി. കമീഷണർ ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ് .
കേരളത്തിലും കർണാടകയിലുമായി നിരവധി കേസുകളിൽ പ്രതിയാണ് മുഹമ്മദ് സലിം, തെലങ്കാനയിൽ കള്ളനോട്ടു കേസിലും ഇയാൾ പ്രതിയാണ്. സലീമിനെ ചോദ്യം ചെയ്യുന്നതോടെ കേസിൽ നിർണായക വഴിത്തിരിവുകളുണ്ടാകുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.
കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ സ്ഥാപിച്ചതിന്റെ ബുദ്ധികേന്ദ്രം ഇയാളാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇന്തോനേഷ്യയിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് സ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് പൊലീസിന്റെ വലയിലായത്. മലപ്പുറത്ത് രണ്ട് ദിവസം മുമ്പ് എത്തിയതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ പിന്തുടരുകയായിരുന്നു.