കോഴിക്കോട്: ഹൈക്കോടതി വിധി പ്രകാരം ഹൈക്കോടതിയെ സമീപിച്ച പന്ത്രണ്ട് കർഷകർക്ക് തങ്ങളുടെ കൃഷിയിടത്തിലെത്തുന്ന കാട്ടുപന്നിയെ ഏത് വിധേനയും വേട്ടയാടുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. കർഷകരുടെ ദീർഘകാലമായുള്ള ഈ ആവശ്യം ന്യായമാണെന്ന് കോടതിക്കും സർക്കാരിനും വ്യക്തമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി പ്രസ്താവിക്കപ്പെട്ടതും അതനുസരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതും.
ഈ നിയമപരമായ ആനുകൂല്യത്തിന് കേരളത്തിലെ എല്ലാ കർഷകർക്കും അവകാശമുണ്ട്. എന്നാൽ കോടതിയിൽ കേസ് നടത്തി ഈ അവകാശം നേടിയെടുക്കാനുള്ള സാമ്പത്തിക ശക്തി ബഹുഭൂരിപക്ഷം കർഷകർക്കും ഇല്ല എന്നതാണ് യാഥാർത്ഥ്യം.
അതിനാൽ ഇപ്പോൾ ഇറക്കിയിരിക്കുന്ന ഉത്തരവ് കേരളത്തിലെ എല്ലാ കർഷകർക്കും ഉപയോഗപ്പെടുന്ന വിധത്തിൽ പുറപ്പെടുവിക്കാൻ കേരള സർക്കാർ തയ്യാറാവണം എന്ന് ചെയർമാൻ ജോൺസൺ കുളത്തിങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന കർഷകജനശബ്ദം എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. അജു എമ്മാനുവൽ, ബിനു അഗസ്റ്റിൻ വെള്ളാരംകുന്നേൽ, ജോഷി മാത്യു, ബിനു ജോസ് തുടങ്ങിയവർ സംസാരിച്ചു.