KERALAtop news

സംസ്ഥാനതല പട്ടയമേള ചൊവ്വാഴ്ച;കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്യുന്നത് 1,739 പട്ടയങ്ങള്‍

കോഴിക്കോട്: പാര്‍പ്പിടത്തോടൊപ്പം തന്നെ ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമി ലഭ്യമാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി  സെപ്റ്റംബര്‍ 14 ന് സംസ്ഥാനതലത്തില്‍ നടത്തുന്ന പട്ടയമേളയില്‍ ജില്ലയില്‍ 1,739 പട്ടയങ്ങള്‍ വിതരണം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് രാവിലെ 11.30ന് തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായാണ് വിതരണം. ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷത വഹിക്കും. 13,500 ഓളം പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുന്നത്.

കോഴിക്കോട് താലൂക്ക് പട്ടയമേള കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും താമരശ്ശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലേത് അതത് താലൂക്ക് കോണ്‍ഫറന്‍സ് ഹാളുകളിലുമായി കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും പരിപാടി നടത്തുക.

സാങ്കേതികതകളിലും നിയമക്കുരുക്കുകളിലും പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടിരുന്ന ആളുകള്‍ക്കായി 2016 നും 2021 നുമിടയില്‍ 1.75 ലക്ഷത്തോളം പട്ടയങ്ങളാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുക എന്നതാണ് ഈ സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന്.

ജില്ലാതല പരിപാടിയില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, പി.എ.മുഹമ്മദ് റിയാസ് എന്നിവര്‍ പട്ടയവിതരണം നിര്‍വ്വഹിക്കും. മേയര്‍ ബീന ഫിലിപ്പ്, എംപിമാരായ എം.കെ.രാഘവന്‍, കെ.മുരളീധരന്‍, എംഎല്‍എമാരായ പി ടി എ റഹിം, ഡോ.എം.കെ. മുനീര്‍, ടി.പി.രാമകൃഷ്ണന്‍, കാനത്തില്‍ ജമീല, കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, കെ.കെ.രമ, കെ.എം.സച്ചിന്‍ദേവ്, ഇ.കെ.വിജയന്‍, ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.എന്‍.പ്രവീണ്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി, എഡിഎം സി.മുഹമ്മദ് റഫീഖ്, സബ്കലക്ടര്‍ വി.ചെല്‍സസിനി, അസി. കലക്ടര്‍ കെ.ആര്‍.മുകുന്ദ്, ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.സുരേഷ് തുടങ്ങിയവരും പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close