KERALAlocal

തൊണ്ടയാട് ബൈപ്പാസില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കോഴിക്കോട് : തൊണ്ടയാട് ബൈപ്പാസില്‍ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഒരാളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. വെള്ളിയാഴ്ച്ച രാവിലെ പത്ത് മണിയോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംഘം സ്ഥലത്തെത്തുകയും, തോക്ക് ലൈസന്‍സ് കൈവശമുള്ള ആളെ വിളിച്ച് വരുത്തി പന്നിയെ വെടിവെച്ചിടുകയായിരുന്നു. മുക്കം സ്വദേശിയായ സി.എം ബാലനാണ് ദൗത്യം ഏറ്റെടുത്ത് നടത്തിയത്. പന്നിക്ക് ഏകദേശം ഒരു ക്വിന്റെലില്‍ അധികം തൂക്കമുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

തൊണ്ടയാട് ബൈപ്പാസില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4.45 ഓടെയായിരുന്നു അപകടം. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ എതിരേ വന്ന വാനുമായി കൂട്ടിയിടിക്കുകയും ഒരാള്‍ മരിക്കുകയും മറ്റ് 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചേളന്നൂര്‍ ഇരുവള്ളൂര്‍ ചിറ്റടിമുക്ക് ചിറ്റടിപുറായില്‍ സിദ്ധിഖ് (38) ആണ് കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ചത്. കക്കോടി കിഴക്കുംമുറി മനവീട്ടില്‍ താഴം ദൃശ്യന്‍ പ്രമോദ് (21), വാഹനമോടിച്ച ഇരുവള്ളൂര്‍ അരയംകുളങ്ങര മീത്തല്‍ സന്നാഫ് (40), കക്കോടി മോരിക്കര സ്വദേശി അനൂപ് (22) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു. സോളാര്‍ പാനല്‍ വെല്‍ഡിങ് ജോലിയുമായി ബന്ധപ്പെട്ട് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച സിദ്ദിഖാണ് വാഹനം ഓടിച്ചിരുന്നത്. മറ്റ് രണ്ട് പേര്‍ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നുവെന്നാണ് പോലീസ് നല്‍കിയ മൊഴി. ഗുരുതരമായി പരിക്കേറ്റ സിദ്ധിഖിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് 12 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close