കോഴിക്കോട്: സ്വകാര്യ ബസുകളുടെ അമിത വേഗം നിയന്ത്രിക്കുന്നതിനും ബസ് ജീവനക്കാരുടെ അതിക്രമം തടയുന്നതിനും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥിൻ്റെ താണ് ഉത്തരവ്. കണ്ണൂർ – കോഴിക്കോട് റൂട്ടിൽ അമിത വേഗതയിൽ ഓടുന്ന മസാഫി എന്ന് പേരുള്ള സ്വകാര്യ ബസിലെ ജീവനക്കാരെ ചോദ്യം ചെയ്തതിന് മർദ്ദനമേറ്റ വടകര സ്വദേശി ടി.പി. വിജീഷ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കമ്മീഷൻ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിയിൽ ഐ.പി.സി.പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബസ് ജീവനക്കാരുടെ മർദ്ദനം കാരണം തനിക്ക് രണ്ടാഴ്ച ജോലിക്ക് പോകാനായില്ലെന്നും ചികിത്സക്കായി ഏറെ പണം ചെലവായെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തതിൽ കമ്മീഷൻ ത്വപ്തി രേഖപ്പെടുത്തി.