കോഴിക്കോട്: കേരളത്തിന്റെ പരിസ്ഥിതിയെയും ജനങ്ങളെയും ഏറെ ബുദ്ധിമുട്ടിലാഴ്ത്തുന്ന പദ്ധതിയായ സില്‍വര്‍റെയില്‍ സര്‍ക്കാര്‍ നടത്തരുതെന്ന ആവശ്യവുമായി എസ് ഡി പി ഐ രംഗത്തെത്തി. ഒരു ലക്ഷത്തോളം കോടി രൂപ ചിലവ് വരുന്ന ഈ പദ്ധതി ഭാവിയില്‍ ഒരിക്കലും കേരളത്തിന് ലാഭം കൊണ്ടുവരില്ലെന്നും,വലിയ വാഗ്ദാനങ്ങള്‍ നല്‍കി കൊണ്ടുവന്ന പിന്നീട് പാഴായിപ്പോയ പല പദ്ധതികളെപ്പോലെ
ഇതും കേരളത്തിന് ഒരു ബാധ്യതയാകുമെന്ന് എസ് ഡി പി ഐ
സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ പറഞ്ഞു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 532 കീലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന സില്‍വര്‍ ലൈനില്‍ 410 കീലോമീറ്ററോളം ഇരുവശങ്ങളിലുമായി 15 അടിയോളം ഉയരത്തില്‍ സംരക്ഷണഭിത്തി നിര്‍മിക്കേണ്ടി വരും.ഇതു സംസ്ഥാനത്തെ രണ്ടായി പിളര്‍ത്തുമെന്നും റോഡ് ശൃഖലയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതു പോലെ ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കിയ പദ്ധതികളായ വിഴിഞ്ഞവും വല്ലാര്‍പാടവുമെല്ലാം പരാജയങ്ങളായതിന്റെ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്.20000 പേരുടെ വീടുകളും 50000 ത്തോളം കച്ചവടസ്ഥാപനങ്ങളൊക്കെ പൊളിച്ചു നീക്കേണ്ടി വരും.കൂടാതെ ഇതിന്റെ നിര്‍മാണത്തിനായി ലക്ഷക്കണക്കിന് ടണ്‍ കല്ലും മണ്ണും ആവശ്യമാണ് ,ഇതൊന്നും പ്രകൃതിയെ തകര്‍ക്കാതെ സംഭരിക്കാന്‍ കഴിയില്ല. ഇതുമൂലം ഒരുപാട് പ്രകൃതി ക്ഷോഭങ്ങളും പ്രകൃതിയെ കാത്തിരിക്കുന്നുവെന്നും അതിനാല്‍ സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിച്ച് ഈ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങണമെന്നും കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പി കെ ഉസ്മാന്‍ പറഞ്ഞു.