ട്വന്റി 20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ പരാജയത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന ഷമിയെ പിന്തുണച്ച് സംസാരിച്ച വിരാട് കോഹ്‌ലിയുടെ ഭാര്യയ്ക്കും 9 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനുമെതിരെ ബലാല്‍സംഗ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് തീവ്രഹിന്ദുത്വവാദികള്‍.ഇതിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായെത്തിയിരിക്കുകയാണ് സ്പീക്കര്‍ എം ബി രാജേഷ്.ഇന്ത്യയുടെ വിജയങ്ങള്‍ ആരവത്തോടെ ആഘോഷിക്കുകയും,പരാജയപ്പെടുമ്പോള്‍ കല്ലെറിയുന്ന പ്രവണത അപരിഷ്‌കൃതമാണെന്നുമാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.ഇത്രയൊക്കെ വര്‍ഗ്ഗീയ പരാമര്‍ശനങ്ങളും,ഭീഷണികളുമൊക്കെ ഉണ്ടായിട്ടും കേന്ദ്രസര്‍ക്കാറിന്റെ മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും കുറിച്ചു. മാനവികതയും,സാഹോദര്യവും എന്താണെന്ന് പഠിപ്പിക്കുന്ന കളിക്കളങ്ങള്‍ക്ക് പോലും വര്‍ഗ്ഗീയതയുടെ നിറങ്ങള്‍ ചാര്‍ത്തികൊടുക്കുന്ന പ്രവണതയാണ് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്.ഇന്ത്യയുടെ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നത് വിരാട് കോഹ്‌ലിയെയും,മുഹമ്മദ് ഷമിയെയും പോലെയുള്ള താരങ്ങളാണെന്നും കളിക്കളത്തിന് പുറത്തും ഇവരാണ് നായകന്മാരെന്നും എം ബി രാജേഷ് പറഞ്ഞു.ഇത്തരം വിമര്‍ശനങ്ങള്‍ നടത്തുന്ന കപട ദേശസ്‌നേഹികള്‍ നാടിനാപത്താണെന്നും കൂട്ടിചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വിരാട് കോഹ്ലി ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. എന്നാല്‍ കളത്തിനു പുറത്തും എക്കാലത്തെയും മികച്ച നായകനായിട്ടാവും ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തുക. വെല്ലുവിളികള്‍ക്കു മുന്നില്‍ പതറാതെ നില്‍ക്കുകയും നട്ടെല്ലിന്റെ ബലം കാണിക്കുകയും നേരിനൊപ്പം നില്‍ക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ നായകര്‍. ട്വന്റി ട്വന്റി ലോക കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തിന്റെ പേരില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ മതം പറഞ്ഞ് ആക്രമിച്ചതിനെതിരെ കോഹ്ലി ശക്തമായി പ്രതികരിച്ചിരുന്നു. ‘മതം പറഞ്ഞ് ഒരാളെ ആക്രമിക്കുന്നത് നട്ടെല്ലില്ലായ്മയും പരിതാപകാരവുമാണ്’ എന്നാണ് കോഹ്ലി തീവ്ര ഹിന്ദുത്വ വര്‍ഗീയവാദികളോട് പറഞ്ഞത്. അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഒന്‍പതു മാസം പ്രായമുള്ള മകള്‍ക്ക് ബലാല്‍സംഗ ഭീഷണി ഉയര്‍ത്തിയിരിക്കയാണ്. ശക്തമായ പ്രതിഷേധം ഉയരേണ്ട സന്ദര്‍ഭമാണിത്. ലജ്ജ കൊണ്ട് ഭാരതീയരുടെയാകെ തല കുനിയേണ്ടതാണ്.
ഇന്ത്യയിലെ രാഷ്ട്രീയ-ഭരണ നേതൃത്വം പറയേണ്ടിയിരുന്നതാണ് കോഹ്ലി പറഞ്ഞത്. ടീം ജയിക്കുമ്പോള്‍ അഭിനന്ദനം ചൊരിയുകയും ഒപ്പം നിന്ന് ഫോട്ടോയെടുത്ത് പങ്കുപറ്റുകയും ചെയ്യുകയും മാത്രമല്ലല്ലോ ചെയ്യേണ്ടത്. തോല്‍വിയിലും തിരിച്ചടിയിലും ഒപ്പം നില്‍ക്കുക കൂടി ചെയ്യുന്നതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്. വര്‍ഗീയവും വംശീയവുമായ ആക്രമണങ്ങളുണ്ടാകുമ്പോള്‍ അതിനെ തള്ളിപ്പറയുകയെന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖ്യ ഉത്തരവാദിത്വമാണ്.
കോഹ്ലിയുടെ മകള്‍ക്കെതിരെ ഉയര്‍ന്ന നീചമായ ഭീഷണിയിലോ ഷമി നേരിട്ട ആക്രമണത്തിലോ ക്രിക്കറ്റ് ഭരണരംഗത്തുണ്ടായിരുന്നവര്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിലെ ആരും പ്രതികരിച്ചതായി കണ്ടില്ല. മൗനം കൊണ്ടുള്ള ഈ സാധൂകരണം ഞെട്ടിപ്പിക്കുന്നതാണ്.
കളിയില്‍ ജയാപജയങ്ങള്‍ സ്വാഭാവികമാണ്. ജയം യുദ്ധവിജയം പോലെ ആഘോഷിക്കുകയും പരാജയത്തിന്റെ പേരില്‍ കല്ലെറിയുകയും ക്രൂശിക്കുകയും ചെയ്യുന്നത്, അതും മതത്തിന്റെ പേരില്‍ സെലക്ടീവായി ടാര്‍ജറ്റ് ചെയ്യുന്നത് അപരിഷ്‌കൃതമാണ്. യൂറോ കപ്പില്‍ ഫ്രാന്‍സിന്റെ ചില താരങ്ങള്‍ക്ക് ഷൂട്ടൗട്ടില്‍ പിഴച്ചപ്പോള്‍ വംശീയാക്രമണം നേരിടേണ്ടിവന്നു. അന്ന് ഫ്രഞ്ച് ടീം ആകെ ഒപ്പം നിന്നു. വംശീയ വിവേചനത്തിനെതിരെ ക്രിക്കറ്റ് താരങ്ങള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി പ്രതിഷേധിക്കുന്ന കാലമാണിത്. കളിക്കളങ്ങള്‍ വര്‍ഗീയവും വംശീയവും ജാതീയവുമായ എല്ലാ സങ്കുചിതത്വങ്ങള്‍ക്കുമതീതമായ മാനവികതയും സൗഹൃദവും പുലര്‍ത്തേണ്ട ഇടങ്ങളാണ്. എന്നാല്‍ ഇന്ത്യയിലെ വര്‍ഗീയവല്‍ക്കരിക്കപ്പെട്ട, പകയുടെയും വിദ്വേഷത്തിന്റെയും അന്തരീഷം കളിക്കളങ്ങളിലേക്കും പടരുന്നത് പതിവായിരിക്കുന്നു. ഒളിമ്പിക്‌സ് വനിതാ ഹോക്കിയില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീമിലെ ദളിതരായ കളിക്കാരും വീട്ടുകാരും വരെ ജാതീയ അധിക്ഷേപത്തിനിരയായത് നാം കണ്ടതാണ്. അന്ന് ദളിതരടങ്ങിയ ഇന്ത്യന്‍ ടീമിന്റെ തോല്‍വി പടക്കം പൊട്ടിച്ച് ആഘോഷിച്ച രാജ്യസ്‌നേഹികളാണ് പാകിസ്ഥാനോടുള്ള തോല്‍വിയില്‍ ‘രാജ്യദ്രോഹം’ ആരോപിച്ച് മുഹമ്മദ് ഷമിക്കെതിരായി സൈബറാക്രമണം നടത്തുന്നത് എന്നോര്‍ക്കണം.
ഗൗരി ലങ്കേഷിന്റെ ക്രൂരമായ വധം ആഘോഷിച്ചവര്‍ തന്നെയാണിപ്പോള്‍ വിരാട് കോഹ്ലിയുടെ ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ബലാല്‍സംഗ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഈ രാജ്യസ്‌നേഹികളെല്ലാം കൂടി എങ്ങനെയൊക്കെയാണ് ഇന്ത്യയെ അധഃപതിപ്പിക്കുന്നത്?
ഇവിടെയാണ് വിരാട് കോഹ്ലി എന്ന നായകന്റെ നിലപാട് ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. ബഹുസ്വര ഇന്ത്യ എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഷമിയെ പിന്തുണച്ച കോഹ്ലിയുടെ നിലപാട്. അതാണ് രാജ്യസ്‌നേഹപരമായ നിലപാട്. കോഹ്ലിയെ ചൊല്ലി അഭിമാനിക്കുന്നു. ആ നിലപാടിനെ പിന്തുണക്കുന്നു.