KERALA
ശബരിമല തീര്‍ത്ഥാടനം; സര്‍ക്കാരിന്റെ ഇളവുകള്‍ കാത്ത് സന്നിധാനം
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് കൂടുതല്‍ ഇളവുകള്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപിച്ചേക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കിയ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുന്നതോടെ ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടെ ദര്‍ശനം സാധ്യമാകുമെന്നാണ് അറിയിപ്പ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നീലിമല വഴിയുള്ള യാത്ര, പമ്പാസ്നാനം എന്നിവ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. ഇളവുകള്‍ അനുവദിക്കുന്നിന് മുന്നോടിയായി റവന്യൂ പൊലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്തും നിലിമലയിലും പരിശോധനകള്‍ നടത്തി. സന്നിധാനത്ത് വിരി വെക്കാനുള്ള ക്രമീകരണങ്ങളടക്കം ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ പരമ്പരാഗത നീലിമല പാത വഴിയുള്ള യാത്ര, സന്നിധാനത്ത് വിരിവെക്കല്‍, നേരിട്ടുള്ള നെയ്യഭിഷേകം, പമ്പാസ്നാനം എന്നിവ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ ഭസ്മകുളം തീര്‍ത്ഥടകര്‍ക്ക് തുറന്ന് നല്‍കും. ജലം മലിനമാകുന്നത് പരിശോധിക്കാന്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. ചാരങ്ങള്‍ മുടക്കം കൂടാതെ നടത്തണമെന്ന ആവശ്യം ശക്തമായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം സര്‍ക്കാരിനെ വീണ്ടും സമീപിക്കുകയായിരുന്നു. നീലിമല അപ്പാച്ചിമേട് പാത പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തി. സന്നിധാനത്ത് പോലീസിന്റെ നേതൃത്വത്തില്‍ ഓട്ടോമേറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍ സ്ഥാപിക്കും. തീര്‍ഥാടകരും, കടകളില്‍ ജോലി ചെയ്യുന്നവരടക്കം മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടപ്പിലാക്കും.