INDIAKERALAlocaltop news

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് ; മരണസംഖ്യ ഉയര്‍ത്താന്‍ ഗൂഢപദ്ധതി ?

ഠ തീവ്രവാദ ബന്ധത്തിന് ശാസ്ത്രീയ തെളിവുകള്‍ ഠ ജോഗ്രഫിക്കല്‍ മാപ്പ് അടിസ്ഥാനമാക്കിയെന്നും വിവരം

കെ.ഷിന്റുലാല്‍

കോഴിക്കോട് : ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിലെ തീവയ്പ്പിന് പിന്നില്‍ തീവ്രവാദ
ബന്ധമുണ്ടെന്ന് സൂചന നല്‍കി ശാസ്ത്രീയ തെളിവുകള്‍. ട്രെയിനില്‍ ഓപ്പറേഷനായി ഷാറൂഖ് സെയ്ഫി തെരഞ്ഞെടുത്തത് ഡിവണ്‍ കോച്ചാണ്. ഡിവണ്‍ കോച്ചില്‍ രണ്ട് ലിറ്റര്‍ പെട്രോളുമായി ഷാറൂഖ് കയറിയത് ഒരു കമ്പാര്‍ട്ട്‌മെന്റിലെ അഗ്നിബാധ മാത്രം ലക്ഷ്യമിട്ടല്ലെന്നും വലിയ അട്ടിമറി മുന്‍നിര്‍ത്തിയാണെന്നുമാണ് ശാസ്ത്രീയ തെളിവുകള്‍ സൂചിപ്പിക്കുന്നത്.

20 കമ്പാര്‍ട്ട്‌മെന്റുകളുള്ള ട്രെയിനിന്റെ എന്‍ജിന്‍ റൂമില്‍ നിന്ന് 12 ാം കമ്പാര്‍ട്ട്‌മെന്റിലാണ് ഷാറൂഖ് ആക്രമണം നടത്തിയത്. ട്രെയിനിന്റെ വേഗതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വിശദമായി മനസിലാക്കിയാവാം ഓപ്പറേഷനെന്നാണ് സൂചനകള്‍. ഡി 2 കോച്ചില്‍ സഞ്ചരിച്ചിരുന്ന ഷാറൂഖ് ഡി വണ്‍ കോച്ചിലേക്ക് കയറിയാണ് ആക്രമണം നടത്തിയത്.
കടലിനോട് ചേര്‍ന്നുള്ള എലത്തൂരിലെ കോരപ്പുഴ ഭാഗത്ത് എത്തുന്ന ട്രെയിനിലെ ഡിവണ്‍ കമ്പാര്‍ട്ട്‌മെന്റില്‍ ചെറിയ രീതിയിലുള്ള തീപടര്‍ന്നാല്‍ പോലും നിമിഷങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്ത കമ്പാര്‍ട്ട്‌മെന്റിലേക്കെത്തും. ട്രെയിന്‍ മുന്നോട്ട് കുതിക്കുമ്പോള്‍ പിന്നിലേക്ക് അതിവേഗത്തില്‍ തീ ആളിപ്പടരും. ഓപ്പറേഷന് തെരഞ്ഞെടുത്ത ഡിവണ്‍ കമ്പാര്‍ട്ട്‌മെന്റിന് തൊട്ടുപിന്നിലായുള്ളത് എയര്‍ കണ്ടീഷന്‍ സംവിധാനമുള്ള സിവണ്‍ കോച്ചാണ്. ഈ കോച്ചില്‍ തീപിടിച്ചാല്‍ യാത്രക്കാര്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. വായുസഞ്ചാരമില്ലാത്തതും കര്‍ട്ടനുകളുള്‍പ്പെടെ കൂടുതല്‍ തുണികള്‍ ഉള്‍പ്പെട്ടതുമായ കോച്ചില്‍ തീ ആളിപ്പടരും. കൂടാതെ ‘നിശബ്ദകൊലയാളി’ എന്നറിയപ്പെടുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം കമ്പാര്‍ട്ട്‌മെന്റില്‍ പടരാനും അത് ശ്വസിച്ചാല്‍ യാത്രക്കാര്‍ ഉടന്‍ മരിക്കാനുള്ള സാധ്യതയും ഏറെയാണ്.

തീരദേശമേഖലയിലൂടെ ട്രെയിന്‍ അതിവേഗതയില്‍ പോകുമെന്നതിനാല്‍ തീപടരുന്നിന്റെ വ്യാപ്തി അതിവേഗത്തിലുമായിരിക്കുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. പെട്രോള്‍ യാത്രക്കാരുടെ ദേഹത്തേക്ക് ഒഴിക്കുകയും പിന്നീട് തീവയ്ക്കുകയും ചെയ്യുകവഴി ഭീതിജനകമാം വിധത്തിലുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ ഷാറൂഖിന് സാധിച്ചിരുന്നു. ട്രെയിനില്‍ തീവയ്ക്കുക വഴി വലിയ ഭീതിപടര്‍ത്തുകയെന്ന ലക്ഷ്യമാണ് ആക്രമണംകൊണ്ടുദ്യേശിച്ചത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് കൃത്യമായ ആസൂത്രണം നടന്നുവെങ്കിലും പരിചയക്കുറവ് ഷാറൂഖിനെ കുടുക്കി. ഇതിന്റെ ഭാഗമായാണ് ബാഗും മൊബൈലും നഷ്ടമാവാന്‍ കാരണമായതെന്നുമാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close