കോവിഡ് മഹാമാരിക്കെതിരെ നടത്തിയ ശക്തമായ പോരാട്ടത്തില്‍ വിജയം കണ്ട് തുടങ്ങിയതോടെ ഏറെ പ്രതീക്ഷയിലായിരുന്ന ലോകരാജ്യങ്ങളെ പോലും ഞെട്ടിച്ച് കൊണ്ടാണ് കോവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈകാതെ എത്തുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്കും പുതുവത്സരാഘോഷങ്ങള്‍ക്കും ഒത്തുച്ചേരാന്‍ കൊതിച്ചവര്‍ക്കെല്ലാം വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കോവിഡ് പ്രതിരോധ വാക്‌സിന്‍ ഫലപ്രദമായ പ്രതിരോധം തീര്‍ത്തതോടെ പല രാജ്യങ്ങളിലെയും ജീവിതരീതികള്‍ സാധാരണനിലയിലേക്ക് മാറി കഴിഞ്ഞിരുന്നു. ഒത്തുച്ചേരലുകളും ആഘോഷങ്ങളും ജീവിതത്തില്‍ വീണ്ടും തിരിച്ചെത്തിയതോടെ സാമ്പത്തിക പ്രതിസന്ധികളെ പോലും മറന്ന് എല്ലാവരും ഒത്തുകൂടി. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ലോകം വീണ്ടും അടച്ചുപൂട്ടിലിന് ഒരുങ്ങുകയാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി വിദേശരാജ്യങ്ങളടക്കം ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ക്കും മറ്റും യാത്രാവിലക്ക് ഏര്‍പ്പെടുത്തി കഴിഞ്ഞു. ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളേക്കാള്‍ രോഗവ്യാപനശേഷി കൂടതാലണെന്നതാണ് ഒമിക്രോണ്‍ വൈറസിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്. എന്നാല്‍ ഇവ എത്രത്തോളം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സൗദി അറേബ്യ, നോര്‍വേ എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കര്‍ശന നിര്‍ദേശങ്ങളാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നത്. 2 ഡോസ് വാക്‌സിനുകള്‍ക്ക് പുറമേ മൂന്നാം ഡോസായ ബൂസ്റ്റര്‍ വാക്‌സിന്‍ നടപടികള്‍ കൂടി വേഗത്തിലാക്കാനുള്ള നിര്‍ദേശവും ആരോഗ്യവിദഗ്ധര്‍ മന്നോട്ട് വയ്ക്കുന്നുണ്ട്. രാജ്യാന്തര യാത്രക്കാരെ ഓരോ വിമാനത്താവളത്തിലും കര്‍ശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയരാക്കിയാണ് ഇന്ത്യ പ്രതിരോധത്തിനു ശ്രമിക്കുന്നത്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലും കോവിഡ് സ്ഥിരീകരിക്കാന്‍ കഴിയുമെങ്കിലും ഒമിക്രോണാണോ കാരണമെന്നു തിരിച്ചറിയാന്‍ സാധിക്കില്ല. യു.എസ്. നിര്‍മിതമായ ടാക്പാത് പരിശോധനാ കിറ്റ് ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന ശിപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും ഈ കിറ്റുകള്‍ പല രാജ്യങ്ങളിലും ലഭ്യമായിട്ടില്ല എന്നതും പ്രശ്‌നം കൂടുതല്‍ ഗൗരവകരമാക്കുന്നു.