KERALAlocalPolitics

കോണ്‍ഗ്രസ്സിന്റെ ചിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് നടത്തുന്നത് വലിയ മുന്നേറ്റം;കേരളത്തിലും വേരുറപ്പിക്കാന്‍ തയ്യാറെടുത്ത് മമത

 

ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷം തീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തൃണമൂല്‍ കേരളത്തിലും വേരുറപ്പിക്കുന്നു. ബി ജെ പി വിരുദ്ധ രാഷ്ട്രീയത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന കേരളം തൃണമൂലിന് വളരാനുള്ള ഫലപൂയിഷ്ഠമായ മണ്ണാണ്. അതിന് വെള്ളവും വളവുമാകാന്‍ കോണ്‍ഗ്രസ്സ് നേതൃത്വവും മറ്റൊരു കാരണമാകുന്നു. ന്യൂനപക്ഷ- ദളിത് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ഇത്തരം നയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നവരെയാണ് തൃണമൂല്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിലെയും മറ്റ് പാര്‍ട്ടികളിലെയും അസംതൃപ്ത വിഭാഗങ്ങളെ ഉന്നംവച്ചാണ് തൃണമൂലിന്റെ ആദ്യഘട്ട പ്രവര്‍ത്തനം. സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കന്മാരെയും പാര്‍ട്ടികളില്‍ നിന്നും പുറത്താക്കപ്പെട്ടവരെയും അസംതൃപ്തരെയും ഒരുപോലെ ചേര്‍ത്ത് നിര്‍ത്തിയാണ് തൃണമൂല്‍ അംഗസംഖ്യവര്‍ദ്ധിപ്പിക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും ശിഥിലമായി കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിലെ നേതാക്കളെയാണ് തൃണമൂല്‍ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നതും. കേരളത്തില്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ സംബന്ധിച്ച് തൃണമൂലിന്റെ രാഷ്ട്രീയതന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തില്‍ രൂപരേഖ തയ്യാറാക്കി കഴിഞ്ഞു. കോണ്‍ഗ്രസിലെ അസംതൃപ്ത വിഭാഗവുമായി തൃണമൂല്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഇവയ്ക്ക് പുറമേ എല്‍ ജെ ഡിയിലെ വിമതപക്ഷം, എന്‍ സി പി തുടങ്ങിയ വിഭാഗങ്ങളുമായും ചര്‍ച്ചകള്‍ തുടരുകയാണ്. പാര്‍ട്ടിയില്‍ ചേരുന്ന എല്ലാവര്‍ക്കും പ്രധാന്യം നല്‍കുന്നതാണ് തൃണമൂലിന്റെ പ്രവര്‍ത്തനങ്ങള്‍. മുന്‍ കോണ്‍ഗ്രസ് നേതാവ് സി ജി ഉണ്ണിക്ക് പാര്‍ട്ടിയുടെ ജനറല്‍ കണ്‍വീനറുടെ ചുമതല നല്‍കിയതും അംഗങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം ഊട്ടിഉറപ്പിക്കുന്നു. വിവിധ പാര്‍ട്ടികളില്‍ നിന്ന് എത്തുന്നവര്‍ക്കായി വരുന്ന ജനുവരി അവസാനം കോഴിക്കോട് സ്വീകരണ സമ്മേളനം ഒരുക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. കോണ്‍ഗ്രസില്‍ നിന്ന് വലിയ തോതില്‍ പ്രവര്‍ത്തകര്‍ തൃണമൂലിലെത്തുമെന്നും 14 ജില്ലാ കമ്മിറ്റികളും ഉടന്‍ രൂപവത്ക്കരിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ്സിന്റെ ചിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് നടത്തുന്ന വലിയ മുന്നേറ്റം ദേശീയ രാഷ്ട്രീയത്തില്‍ മറ്റൊരു ചരിത്രമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close