HealthKERALA

സംസ്ഥാനത്ത് വാക്സിന്‍ സ്വീകരിക്കാത്ത അധ്യാപക- അനധ്യാപകര്‍ 1707 പേര്‍; ഏറ്റവും കൂടുതല്‍ മലപ്പുറത്ത്

 

തിരുവന്തപുരം:അധ്യയന വര്‍ഷം ആരംഭിച്ചിട്ടും സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്സിന്‍ സ്വീകരിക്കാത്ത അധ്യാപക- അനധ്യാപകരുടെ കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ആദ്യഘട്ടത്തിലെ കണക്കനുസരിച്ച് അയ്യായിരത്തോളം അധ്യാപകര്‍ വാക്‌സിനെടുക്കാതിരുന്നപ്പോള്‍ നിലവില്‍ അവ 1707 പേരായി കുറഞ്ഞതായും മന്ത്രി വ്യക്തമാക്കി. എല്‍പി, യുപി, ഹൈസ്‌കൂള്‍ തലത്തില്‍ 1,066 അധ്യാപകരാണ് വാക്‌സീന്‍ എടുക്കാത്തത്. അനധ്യാപകര്‍ 189 പേര്‍. ഹയര്‍സെക്കന്‍ഡറി തലത്തില്‍ 200 അധ്യാപകര്‍ വാക്‌സിന്‍ എടുത്തിട്ടില്ല. അനധ്യാപകര്‍ 23. വാക്‌സീന്‍ എടുക്കാത്തവര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മലപ്പുറം ജില്ലായിലാണെന്നും 201 പേര്‍ ഇനിയും വാക്‌സിന്‍ സ്വീകരിക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു.

രണ്ടാം സ്ഥാനത്തുള്ളത് കോഴിക്കോട് ജില്ലയാണ്, 151 പേര്‍. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് പേരുള്ളത്. ഹൈസ്‌കൂള്‍, യുപി, എല്‍പി എന്നീ അധ്യാപകരില്‍ 1,066 പേരാണ് വാക്‌സീന്‍ സ്വീകരിക്കാത്തത്. ഇവരുടെ പേര് വിവരങ്ങള്‍ നിലവില്‍ പുറത്തുവിടുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 229 അധ്യാപകര്‍ വാക്‌സിന്‍ എടുത്തില്ല. അനധ്യാപകര്‍ എല്ലാവരും വാക്‌സിന്‍ എടുത്തു. കോവിഡ് മഹാമാരി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലും ഏറെ ആശങ്കയോടെയാണ് അധ്യയന വര്‍ഷം ആരംഭിച്ചത്. വാക്‌സിനെടുക്കാത്ത അധ്യാപകര്‍ സ്‌കൂളിലെത്തരുതെന്ന സര്‍ക്കാരിന്റെ നിര്‍ദേശം രക്ഷിതാക്കള്‍ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു. അതിനാല്‍ തന്നെ സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും സഹായകരമായി. സംസ്ഥാനത്ത് ഇനിയും വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുണ്ടെന്ന സര്‍ക്കാരിന്റെ കണ്ടെത്തല്‍ കൂടൂതല്‍ പേര്‍ വാക്സിന്‍ എടുക്കാന്‍ തയ്യാറാകുന്നതിലേക്കും നയിച്ചു. കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവുമാണ് പ്രധാനം.

വാക്‌സീന്‍ എടുക്കാത്തവരോട് വിശദവിവരം ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ പ്രശ്‌നം ഉള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തപക്ഷം എല്ലാ ആഴ്ചയും ആര്‍ട്ടിപിസിആര്‍ റിസള്‍ട്ട് നല്‍കണം. ഒട്ടും സഹകരിക്കാത്ത അധ്യാപകര്‍ക്ക് ശൂന്യവേതന അവധി പ്രകാരം ലീവ് എടുക്കാന്‍ അനുവദിക്കും. അധ്യാപകരുടെ സമീപനം വീണ്ടും പരിശോധിച്ച ശേഷം കൂടുതല്‍ നടപടികള്‍ ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close