KERALA
കളമശ്ശേരി പത്തടിപ്പാലത്തെ കാര്‍ അപകടം; ദുരൂഹതയേറുന്നു; കസ്റ്റഡിയിലുള്ളവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്
കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്ത് അമിതവേഗത്തിലെത്തിയ കാര്‍ മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. അപകടം സംബന്ധിച്ച കൂടുതല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, അപകടത്തെ മുന്‍നിര്‍ത്തി വിശദമായ അന്വേഷണം ഉണ്ടാകുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു.
എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ മന്‍ഫിയ (സുഹാന-21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശി കരിംപ്പെട്ട വീട്ടില്‍ സല്‍മാനുല്‍ ഫാരിസ് (26), വരാപ്പുഴ സ്വദേശി പള്ളിയേക്കല്‍ വീട്ടില്‍ ജിബിന്‍ ജോണ്സണ് (28) എന്നിവര്‍ക്ക് പരിക്കേറ്റു. കാറോടിച്ചിരുന്ന സല്‍മാനുല്‍ ഫാരിസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കളമശ്ശേരി പത്തടിപ്പാലത്തിനു സമീപമായിരുന്നു അപകടം. ഇതു വഴി പോയ ഒരു കാര്‍ യാത്രക്കാരനാണ് അപകടത്തില്‍ പെട്ട മന്‍ഫിയയെയും സല്‍മാനുലിനെയും ഇടപ്പള്ളിയിലെ ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ മന്‍ഫിയയുടെ മരണം പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന ജിബിന്‍ മദ്യലഹരിയിലായതിനാല്‍ ആശുപത്രിയില്‍ പോകാന്‍ വിസമ്മതിക്കുകയായിരുന്നു. ഇയാള്‍ അപകട സ്ഥലത്തിന് സമീപം കിടന്നുറങ്ങിയ ശേഷം വരാപ്പുഴയിലെ വീട്ടിലേക്കു പോയെന്നാണ് പോലീസ് പറയുന്നത്. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തു.
അതേസമയം മന്‍ഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. അപകടം നടന്ന കാറില്‍ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നതായി പോലീസിനെ അറിയിച്ചിട്ടുണ്ട്. അപകടവിവരം ഇയാളാണ് അറിയിച്ചതെന്നും എന്നാല്‍ അപകടശേഷം ഇയാള്‍ ഒളിവിലാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇതോടൊപ്പം മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന് ഭീഷണപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. ഇടപ്പള്ളിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമുണ്ടെന്നു പറഞ്ഞാണ് തിങ്കളാഴ്ച വൈകീട്ട് മന്‍ഫിയ വീട്ടില്‍നിന്നു പോകുന്നത്. പുലര്‍ച്ചെ ഒന്നരയോടെ വീട്ടുകാരുമായി മന്‍ഫിയ സംസാരിച്ചിരുന്നു. ഉടന്‍ മടങ്ങിയെത്തുമെന്നും അറിയിച്ചു. എന്നാല്‍ പുലര്‍ച്ചെ നാലുമണിക്ക് മന്‍ഫിയയുടെ മരണ വാര്‍ത്തയാണ് പിന്നീട് വന്നത്.
അപകടത്തെ മുന്‍നിര്‍ത്തി ദുരൂഹത തുടരുന്നതിനാല്‍ കാറോടിച്ചിരുന്ന സല്‍മാനുല്‍ ഫാരിസിനെയും ഒപ്പമുണ്ടായിരുന്ന ജിബിന്‍ ജോണ്‍സണെയും വീണ്ടും ചോദ്യംചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.