അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ അണിനിരക്കുന്ന ശക്തമായ പാര്‍ട്ടിയായി തൃണമൂല്‍ മാറുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും, ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന ബദല്‍ രാഷ്ട്രീയ മുന്നണിയില്‍ ചേരാന്‍ താന്‍ തയ്യാറാണെന്നും അഖിലേഷ് യാദവ് ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. മമതയുടെ നേതൃത്വത്തില്‍ യുപിയില്‍ നിര്‍ണ്ണായക നീക്കങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിഭിന്നമായി ബിജെപിക്കെതിരെ ചെറുപാര്‍ട്ടികളെ അണിനിരത്തി ഭരണം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് അഖിലേഷ്. അതേസമയം കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച മുന്നില്‍ കണ്ട് മമത നടത്തുന്ന നീക്കങ്ങളില്‍ ആകൃഷ്ട്‌നായിരിക്കുകയാണ് അഖിലേഷ്. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടി നേതാവ് പൂര്‍ണ്ണ പിന്തുണപ്രഖ്യാപിച്ചതോടെ തൃണമൂലിന്റെ നീക്കങ്ങളും ഇനി നിര്‍ണ്ണായകമാകും. ബംഗാളില്‍ ഭരണം നിലനിര്‍ത്തിയതിന് പിന്നാലെയാണ് രാജ്യവ്യാപകമായി പാര്‍ട്ടി വിപുലീകരിക്കാന്‍ തൃണമൂല്‍ ശ്രമങ്ങള്‍ ആരംഭിക്കുന്നത്. തന്റെ അടുത്ത ലക്ഷ്യം ഗോവയും അസമും, ത്രിപുരയും മേഘാലയയും ഉത്തര്‍പ്രദേശും ആണെന്ന് മത വ്യക്തമാക്കുകയും ചെയ്തു. ആദ്യമായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ആപ് നേരത്തേ തന്നെ സമാജ് വാദിയുമായി സഖ്യത്തിന് ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകളും ഇതിനോടകം പുറത്ത് വരുന്നുണ്ട്. അടുത്ത വര്‍ഷം ഗോവയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരുപടി മുന്നിലാണ് തൃണമൂലിന്റെ പ്രവര്‍ത്തനങ്ങള്‍. സമാജ് വാദി പാര്‍ട്ടിക്ക് പുറമേ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കെജരിവാളുമായി ബന്ധം പുലര്‍ത്തുന്ന മമതയ്ക്ക് എസ്പി-ആം ആദ്മി സഖ്യത്തിന്റെ പിന്തുണ ലഭിക്കാനുള്ള സാധ്യതയും തള്ളി കളയാനാകില്ല. സംസ്ഥാനങ്ങളിലേക്കും പാര്‍ട്ടി വിപുലീകരിക്കാനുള്ള തീരുമാനം ഇങ്ങ് കേരളത്തിലും എത്തി കഴിഞ്ഞു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് പുറത്താക്കപ്പെട്ടവരും, ആശയപരമായി എതിര്‍ത്ത് നില്‍ക്കുന്നവരെയും മുതിര്‍ന്ന നേതാക്കളെയും ഉന്നംവച്ചാണ് തൃണമൂല്‍ കേരളത്തിലെത്തുന്നത്. തൃണമൂലിന്റെ രാഷ്ട്രീയതന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തില്‍ രൂപരേഖയും തയ്യാറായി കഴിഞ്ഞു. രാജ്യസഭ സീറ്റ് അടക്കം പല വാഗ്ദാനങ്ങളും മുന്നോട്ടുവെച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. മലബാര്‍ മേഖലയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് എത്തുന്നവരുടെ ലയന സമ്മേളം ഈ മാസം തന്നെ കോഴിക്കോട് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.