KERALAlocalPolitics

വഖഫ് നിയമനം പി.എസ്.സി ക്ക് വിടുന്ന കാര്യം കൂടിയാലോചിക്കും; മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി സമസ്ത

തിരുവനന്തപുരം: വഖഫ് നിയമനം പി.എസ്.സി ക്ക് വിടാനുള്ള തീരുമാനം ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമനവിവാദവുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്  മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ പുതിയ തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. നിയമനം പി.എസ്.സിക്ക് വിടുന്നതോടെ വഫഖ് ബോര്‍ഡിലെ പദവികളില്‍ മറ്റ് മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ എത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വഖഫിന്റ നിയന്ത്രണം മുസ്ലിം സംഘടനകള്‍ക്കുണ്ടാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്കു വിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചയെ തുടര്‍ന്ന് സര്‍ക്കാര്‍ പി.എസ്.സിയുടെ അഭിപ്രായം തേടിയിരുന്നു. പ്രത്യേക മത വിഭാഗത്തില്‍പ്പെട്ട കുറച്ച് ഉദ്യോഗാര്‍ഥികള്‍ക്കു മാത്രം ബാധകമാകുന്ന തരത്തില്‍ റിക്രൂട്ട്‌മെന്റ് ചുമതല ഏറ്റെടുക്കുന്നതിലെ അസൗകര്യം പിഎസ്സി ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. ഇതേ പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ക്കും പ്രത്യേക ബോര്‍ഡ് രൂപീകരിക്കാനാണു സാധ്യത.

പിഎസ്സിക്കു വിട്ട തീരുമാനം റദ്ദാക്കണം, ജീവനക്കാരുടെ നിയമനത്തിനു റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണം, വഖഫ് ബോര്‍ഡില്‍ മുസ്ലിംകള്‍ക്കു മാത്രം ജോലി ലഭിക്കുന്ന സാഹചര്യം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സമസ്ത സര്‍ക്കാരിന് മുന്നില്‍ പ്രധാനമായും ഉന്നയിച്ച വിഷയങ്ങള്‍.

സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍, അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍, ഉമര്‍ ഫൈസി മുക്കം തുടങ്ങിയ നേതാക്കളാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close