കോഴിക്കോട്: തകര്‍ച്ചയെ നേരിടുന്ന ഹോട്ടല്‍-ബേക്കറിമേഖലയെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലുകളുണ്ടാകണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കോവിഡുകാലത്തെ അടച്ചുപൂട്ടലുണ്ടാക്കിയ ആഘാതത്തില്‍ നിന്നും പതിയെ കരകയറുന്നതിനിടെയാണ് പാചകവാതക വിലവര്‍ധനയും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കുന്നത്. മലബാര്‍ മേഖലയിലുള്ളവരുടെ പ്രധാനവരുമാനമാര്‍ഗ്ഗങ്ങളിലൊന്നാണ് ഹോട്ടല്‍-ബേക്കറി വ്യവസായം. അതിനാല്‍ തന്നെ ചെറുകിട വ്യവസായങ്ങള്‍ക്ക് നല്‍കി വരുന്ന ആനുകൂല്യം ഹോട്ടല്‍-ബേക്കറിമേഖലയ്ക്കും ഉറപ്പാക്കണം. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
സമ്മേളനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഹോട്ടല്‍ മേഖല ഇന്ന് നിലനില്‍പിനായുള്ള പോരാട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. പാചകവാതകത്തിന്റെ വിലകുറക്കുകയും വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്തില്ലെങ്കില്‍ മേഖല വലിയ പ്രശ്നത്തിലേക്ക് നീങ്ങും. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായ സഹകരണങ്ങളുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ പ്രസിഡന്റ് എ.സുഗുണന്‍ അധ്യക്ഷനായി. പുതിയ ഭാരവാഹികളായി രൂപേഷ് കോളിയോട്ട് (പ്രിസിഡന്റ്) യു.എസ്.സന്തോഷ്‌കുമാര്‍ (സെക്രട്ടറി), സുമേഷ് ഗോവിന്ദ് (രക്ഷാധികാരി) ബഷീര്‍ ചിക്കീസ് (ട്രഷറര്‍) ഹുമയൂണ്‍ കബീര്‍ (വര്‍ക്കിംങ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തില്‍ ജി.ജയപാല്‍, മൊയ്തീന്‍ കുട്ടിഹാജി, ജി.കെ.പ്രകാശ് സ്വാമി, ബിജുലാല്‍, മുഹമ്മദ് സുഹൈല്‍, നാസിം മുഹമ്മദ്, ഇജാസ് അഹമ്മദ്, അബ്ദുള്‍ റഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.