കോഴിക്കോട്: ഇന്ത്യൻ പോലീസ് ഫൗണ്ടേഷൻ എന്ന സംഘടന സ്മാർട്ട് പോലീസ് പദ്ധതിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ സർവേയിൽ കേരളം നാലാം സ്ഥാനത്തായതിനെ കുറിച്ച് സഗൗരവം ചിന്തിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് .
വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ മുന്നിൽ നിൽക്കുന്ന കേരളം രാജ്യത്ത് ഒന്നാമതായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച
ലോക മനുഷ്യാവകാശ ദിനാചരണം കോഴിക്കോട് മാലൂർ കുന്ന് ജില്ലാ പോലീസ് ട്രെയിനിംഗ് സെൻ്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2014ൽ ഗുവാഹത്തിയിൽ സംഘടിപ്പിച്ച സംസ്ഥാന പോലീസ് മേധാവിമാരുടെ യോഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് സ്മാർട്ട് പോലീസ്. ആന്ധ്രയും തെലുങ്കാനയുമാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയത്.ആസാം മൂന്നാമതും കേരളം നാലാമതുമെത്തി. ആന്ധ്രക്ക് ലഭിച്ച സ്മാർട്ട് ഇൻഡക്സ് സ്കോർ 8.11 ആണ് . കേരളത്തിന് ലഭിച്ചത് 7.53. ഒരു മുന്നാക്ക സംസ്ഥാനമായ കേരളത്തിൻ്റെ സ്ഥാനം നാലിൽ നിന്നും ഒന്നിലെത്തണം. യു .പിയും ബീഹാറുമാണ് സർവേയിൽ അവസാനമെത്തിയത്.
1993ലാണ് മനുഷ്യാവകാശ സംരക്ഷണ നിയമം ഇന്ത്യയിൽ പാസാക്കിയത്.20 21 ആയെങ്കിലും മനുഷ്യാവകാശ സംരക്ഷണത്തിൽ വലിയ നേട്ടം കൈ വരിക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടി
ല്ലെന്ന് ജസ്റ്റിസ് ആൻ്റണി ഡൊമിനിക് പറഞ്ഞു. ജയിലുകളിലും സർക്കാർ ഓഫീസുകളിലും ദിനംപ്രതി മനുഷ്യാവകാശ ലംഘനങ്ങൾ വർധിക്കുന്നു. ഓരോ ദിവസവും പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളുടെ വാർത്തകളാണ്. മനുഷ്യാവകാശ ദിനത്തിലെങ്കിലും മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിക്കുകയില്ലെന്ന പ്രതിജ്ഞ നാം ചൊല്ലേണ്ടിയിരിക്കുന്നു – ജസ്റ്റിസ് ആൻറണി ഡൊമിനിക് പാഞ്ഞു.
അധികാരവും പണവും സ്വാധീനവുമില്ലെങ്കിൽ തനിക്ക് നീതി ലഭിക്കില്ലെന്ന് സാധാരണക്കാർ ചിന്തിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് പറഞ്ഞു. മനുഷ്യരായി ജീവിക്കാൻ കഴിയാതെ മരിച്ചവരുടെ ആത്മാവ് നമ്മെ നൊമ്പരപെടുത്തുന്നുണ്ട്. നമ്മുടെ സമൂഹം അസ്വസ്ഥപെടാനുള്ള ഏക കാരണം മനുഷ്യാവകാശ ലംഘനമാണ്. നിയമങ്ങൾ മാത്രം ഉപയോഗിച്ച് മനുഷ്യാവകാശ ലംഘനങ്ങൾ തടയാൻ കഴിയില്ല. അധികാരവും ജാതിയും പറഞ്ഞ് മനുഷ്യരെ ചെറുതാക്കുന്ന പ്രവണത കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷനുകളുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുകയാണ് മനുഷ്യാവകാശ ലംഘനങ്ങൾ തടയാനുള്ള മാർഗ്ഗമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കമ്മീഷൻ അംഗം വി കെ ബീനാകുമാരി പറഞ്ഞു. നിയമം പാലിക്കേണ്ടവർ നീതിയുടെയും നിയമത്തിൻെറ ഭാഗത്ത് നിന്ന് അവരുടെ ഉത്തരവാദിത്വം നടപ്പാക്കണമെന്നും അവർ പറഞ്ഞു. രാജ്യത്ത് ഇന്ന് മനുഷ്യാവകാശ ലംഘനങ്ങളുടെ എണ്ണം വർധിക്കുകയാണ്.
ദേശീയ പുരസ്കാര ജേതാവും കാലിക്കറ്റ് സർവകലാശാലാ വിസിറ്റിംഗ് പ്രൊഫസറുമായ
ഡോ.ആർസു പ്രഭാഷണം നടത്തി. മനുഷ്യാവകാശങ്ങൾ മഹാത്മജിയുടെ വീക്ഷണത്തിൽ എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തിയത്.
മനുഷ്യാവകാശ കമ്മീഷൻ ഡയറക്ടർ ജനറൽ ഓഫ് ഇൻവെസ്റ്റിഗേഷൻ ടോമിൻ ജെ തച്ചങ്കരി,
കോഴിക്കോട് കമ്മീഷണർ എ.വി.ജോർജ്, ഡി.സി.പി. സ്വപ്നിൽ മഹാജൻ, സബ്കകളക്റ്റർ വി.ചെൽസസിനി, മനുഷ്യാവകാശ കമ്മീഷൻ സെക്രട്ടറി ടി.വിജയകുമാർ, രജിസ്ട്രാർ ജി.എസ്.ആശ എന്നിവർ പ്രസംഗിച്ചു. പോലീസ് ഉദ്യോഗസ്ഥരും വിവിധ വകുപ്പുദ്യോഗസ്ഥരും
യോഗത്തിൽ പങ്കെടുത്തു