ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സില്‍ നിന്ന് 21 ആയി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ‘വിവാഹപ്രായ ഏകീകരണ’ ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാല പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുക്കളത്തിലിറങ്ങിയാണ് പ്രതിപക്ഷം ബില്ലിനെതിരെ പ്രതിഷേധം അറിയിച്ചത്. ചര്‍ച്ചകള്‍ നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും, വിഷയത്തെ മുന്‍നിര്‍ത്തി സംസ്ഥാനങ്ങളുമായും പ്രതിപക്ഷനേതാക്കളുമായും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്നും പ്രതിപക്ഷം ഉന്നയിച്ചു. സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നതെന്ന് സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. ബില്ലിനെതിരെ ശക്തമായ ആരോപണം ഉയര്‍ന്നതോടെ അവതരണത്തിന് ശേഷം ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു. പെണ്‍കുട്ടികളുടെ വിവാഹം ഉയര്‍ത്തുന്നതിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കിയതിന് പിന്നാലെ വിവിധ രാഷ്ട്രീയ കക്ഷികളും മതസംഘടനകളും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.