കൊല്ലം: ആറ്റിങ്ങലില്‍ മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പോലീസ് പരസ്യവിചാരണ ചെയ്ത പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. സംഭവത്തില്‍ ഇരയായ പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ നിരപരാധികളായ രണ്ട് പേരെ പൊതുമധ്യത്തില്‍ വച്ച് അപമാനിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസ് പരിഗണിക്കവേ സര്‍ക്കാരിന്റെ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ച കോടതി റിപ്പോര്‍ട്ട് തള്ളുകയായിരുന്നു.
കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്‌ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും, പൊതുജന മധ്യത്തില്‍ ഒരു വനിതാ പോലീസ് ഇടപേണ്ട രീതിയെക്കുറിച്ച് പരിശീലനം നല്‍കണമെന്നും, ജനങ്ങളുമായി ഇടപേണ്ട ചുമതലകളില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിര്‍ത്തണമെന്നും കോടതി വ്യക്തമാക്കി.
ഓഗസ്റ്റ് 27 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. എഎസ്ആര്‍ഒയുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പൊതുജനമദ്യത്തില്‍ വെച്ച് അപമാനിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥ ചെയ്യാത്ത കുറ്റത്തിന് ഇരുവരെയും പൊതുനിരത്തില്‍ വെച്ച് വിചാരണ ചെയ്തത്. കുട്ടി ഭയന്ന് കരഞ്ഞതോടെയാണ് സംഭവം ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. പെണ്‍കുട്ടിയെയും അച്ഛനെയു വിചാരണ ചെയ്യുന്ന ദൃശ്ശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. സംഭവത്തെ മുന്‍നിര്‍ത്തി ബാലാവകാശ കമ്മീഷന്‍ നേരിട്ടിടപെടുകയും ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഉദ്യോഗസ്ഥയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഉന്നത് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും കോടതി ശക്തമായ നടപടി സ്വീകരിക്കുകയായിരുന്നു.