മുക്കം: കക്കാട് ജി.എൽ.പി സ്‌കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട സ്ഥലപ്രശ്‌നത്തിന് പരിഹാരം. സ്ഥലം ഉടമയുമായി ഇന്നലെ വൈകീട്ട് സ്‌കൂളിൽ നടന്ന സിറ്റിങ്ങിലാണ് സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ ഭൂമി മാന്യമായ വിലയ്ക്കു നൽകാൻ തീരുമാനമായത്. ഇരുവിഭാഗവും തമ്മിൽ ഇത് സംബന്ധിച്ച് ഉടമ്പടി ഒപ്പുവെച്ചു.
നേരത്തെ രണ്ട് സ്വകാര്യ വ്യക്തികൾക്കു നൽകിയ വിൽപ്പന റദ്ദാക്കി സ്ഥലം സർക്കാർ സ്‌കൂളിന് തന്നെ നൽകാനുള്ള തീരുമാനം നാടിന്റെ ആഹ്ലാദം വർദ്ധിപ്പിച്ചിരിക്കുകയാണ്. നേരത്തെ എടുത്ത 9.5 സെന്റ് ഭൂമി അടക്കം 22 സെന്റിലേറെ ഭൂമിയിൽ അത്യാധുനിക രൂപകൽപ്പനയിൽ മികച്ച കെട്ടിടം പണിത് സ്‌കൂളിന്റെ സർവ്വതോന്മുഖമായ വിസകസനത്തിന് ബഹുമുഖ പദ്ധതികളാണ് കമ്മിറ്റി വിഭാവനം ചെയ്യുന്നത്. ഇതിനാവശ്യമായ ഫണ്ട് സമാഹരണം അടക്കമുള്ള കാര്യങ്ങൾ ആലോചിക്കാൻ വെള്ളായാഴ്ച നാട്ടുകാരുടെയും ജനപ്രിതനിധികളുടെയും സർവ്വകക്ഷി യോഗം വിളിച്ച് കർമപദ്ധതികൾക്ക് രൂപം നൽകുമെന്ന് പ്രധാനാദ്ധ്യാപിക ജാനിസ് ടീച്ചർ പറഞ്ഞു. ഇന്ന് കരാർ ഒപ്പിട്ട നിർദ്ദിഷ്ട സ്ഥലം വെള്ളിയാഴ്ച രാവിലെ 7 മണിക്ക് നാട്ടുകാർ കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഭൂവുടമ കട്ടുവുമായി നടന്ന ചർച്ചയിൽ വാർഡ് മെമ്പറും കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആമിന എടത്തിൽ, സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ കെ.സി റിയാസ്, പി.ടി.എ പ്രസിഡന്റ് അഷ്‌റഫ് കെ.സി, സ്‌കൂൾ വികസന സമിതി സാരഥികളായ തോട്ടത്തിൽ ഉമ്മർ, ജി അബ്ദുൽ അക്ബർ, പി.ടി.എ
വൈസ് പ്രസിഡന്റുമാരായ കെ ലുഖ്മാനുൽ ഹഖീം, മുനീർ പാറമ്മൽ, മുൻ പി.ടി.എ-എസ്.എം.സി സാരഥികളായ എടക്കണ്ടി അഹമ്മദ്കുട്ടി, ശിഹാബ് പുന്നമണ്ണ്, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ജി ഷംസു മാസ്റ്റർ, സലാം കാരശ്ശേരി പങ്കെടുത്തു.
നാടിന്റെ വികസനവും ഭാവിയിലേക്കുളള പ്രതീക്ഷകളും നെഞ്ചേറ്റി ഒരേ മനസ്സോടെ ഗ്രാമീണ ജനതയുടെ നീക്കങ്ങൾക്ക് ശക്തി പകർന്ന പ്രിയപ്പെട്ട നാട്ടുകാർക്കും ത്യാഗമനസ്സോടെ സഹകരിച്ച സ്ഥലം ഉടമയോടും വാർത്തകൾ നൽകി പൊതുസമൂഹത്തിൽ അഭിപ്രായ രൂപീകരണത്തിന് ഏറെ സഹായിച്ച പ്രിയപ്പെട്ട മാധ്യമസുഹൃത്തുക്കൾ അടക്കം എല്ലാവരോടും അകൈതവമായ നന്ദിയും സ്‌നേഹവും അറിയിക്കുന്നതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.??