ഉത്തരാഖണ്ഡ്: ഹരിദ്വാറില്‍ ധര്‍മ്മ സന്‍സദ് മതസമ്മേളനത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ വസീം റിസ്വി, അഥവാ ജിതേന്ദ്ര ത്യാഗിക്കെതിരെ പോലീസ് കേസെടുത്തു. മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്തും ഹിന്ദുരാജ്യത്തിനായി പ്രതിജ്ഞയെടുത്തുമുള്ള സമ്മേളനത്തിന്റെ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളിലടക്കം ഉയര്‍ന്നത്.
വിദ്വേഷ പ്രസംഗത്തിനെതിരെ അഖിലേന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വക്താവായ സാകേത് ഗോഖലെ ജ്വാലാപൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. ഡിസംബര്‍ 17 മുതല്‍ 20 വരെ നടന്ന പരിപാടിക്കിടെയാണ് വംശഹത്യക്ക് ആഹ്വാനം ചെയ്തുകൊണ്ടുള്ള വിദ്വേഷം പ്രസംഗം നടത്തിയത്.
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിച്ചതിന് മുന്‍പ് ആരോപണ വിധേയനായ യതി നരംസിംഹാനന്ദാണ് പരിപാടി സംഘടിപ്പിച്ചത്. ഹിന്ദുരക്ഷാ സേനയുടെ പ്രബോധാനന്ദ ഗിരി, ബിജെപി വനിതാ വിഭാഗം നേതാവ് ഉദിത ത്യാഗി, വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ബിജെപി നേതാവ് അശ്വിനി ഉപാധ്യായ എന്നിവരാണ് സമ്മേളനവുമായി ബന്ധപ്പെട്ട മറ്റുള്ളവരെന്ന് സാകേത് ഗോഖലെയുടെ പരാതിയില്‍ പറയുന്നുണ്ട്.
നിലവില്‍ ഒരാള്‍ക്കെതിരെ മാത്രമാണ് കേസ് എടുത്തിട്ടുള്ളത്. അടുത്തിടെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത യുപി മുന്‍ ശിയാ വഖഫ് ബോര്‍ഡ് ചെയര്മാന് വസീം റിസ്വിയെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.
”മ്യാന്മര് മാതൃകയില്‍ നമ്മുടെ പോലിസും, രാഷ്ട്രീയക്കാരും സൈന്യവും മുഴുവന്‍ ഹിന്ദുക്കളും ആയുധമെടുത്ത് ഒരു വംശശുദ്ധീകരണം നടത്തണം. അതല്ലാതെ മറ്റൊരു വഴിയും നമ്മുടെ മുന്നില്‍ അവശേഷിക്കുന്നില്ല” ഇതായിരുന്നു വിദ്വേഷ പ്രസംഗത്തില്‍ പ്രബോധാ നന്ദ് ഗിരി ഉദ്ധരിച്ചത്.