കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷന് നല്കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി. വിസ്താരത്തിനുള്ള സാക്ഷിപ്പട്ടികയില്‍ ചില സാക്ഷികളെ വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി തള്ളിയതിന് പിന്നാലെയാണ് കോടതിക്കെതിരെ അതൃപ്തി അറിയിച്ച് പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കുന്നത്. വിചാരണകോടതിയുടെ നടപടികള്‍ക്കെതിരെ ഇത് രണ്ടാം തവണയാണ് പ്രോസിക്യൂഷന് രംഗത്തെത്തുന്നത്. ഇവയ്ക്ക് പുറമേ കേസിലെ പ്രധാന വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. കോടതി നടപടിയില്‍ പ്രതിഷേധിച്ച് മുന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചതും കേസ് ഗൗരവമുള്ളതാക്കുന്നു.
ജനുവരി ആറിന് കേസ് വീണ്ടും പരിഗണിക്കാനിരിക്കവെ നടന് ദിലീപ് ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന് അനുമതി തേടിയത്. ഇതില്‍ 7 പേര് നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് കാണിച്ചാണ് സാക്ഷികളെ വിസ്തരിക്കാനുള്ള ആവശ്യം പ്രോസിക്യൂഷന് ഹൈക്കോടതിയെ അറിയിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ അഡ്വ.വി.എന്‍.അനില്‍ കുമാറിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. മുന്‍ സിബിഐ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു അനില്‍ കുമാര്‍. മുന്‍ പ്രോസിക്യൂട്ടര്‍ എ സുരേശന് രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം.