പാലക്കാട് : ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് സംശയിക്കുന്ന പ്രതിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അത്തിക്കോട് സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. എന്നാല്‍ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകനാണെന്നും ചെര്‍പ്പുളശ്ശേരിയില്‍ ഒളിവില്‍ കഴിയവെയാണ് ഇയാളെ പിടികൂടിയതെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ് വ്യക്തമാക്കി.
ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരാണ് കേസില്‍ ഇതുവരെ പിടിയിലായത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണം സംഘം അറിയിച്ചിരുന്നു.
കൊലപാതകത്തിനായി വാഹനങ്ങളും ആയുധങ്ങളും സംഘടിപ്പിച്ച് നല്‍കിയ എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി മുതലമട പുളിയന്തോണി നസീറിനെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മറ്റ് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാകുന്നത്.
മുഹമ്മദ് ഹാറൂണ്‍, നൗഫല്‍, ഇബ്രാഹിം മൗലവി, ഷംസീര്‍ എന്നിവര്‍ക്കായാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍സലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാര്‍, കൊല്ലങ്കോട് സ്വദേശി ഷാജഹാന്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.
നവംബര്‍ 15-നാണ് ആര്‍.എസ്.എസ്. നേതാവായ സഞ്ജിത്തിനെ കിണാശ്ശേരി മമ്പറത്തുവെച്ച് കാറിലെത്തിയ ഒരുസംഘം വെട്ടിക്കൊന്നത്.