തിരുവനന്തപുരം: സിനിമാ രംഗത്ത് വനിതകളെയും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ പെടുന്ന സംവിധായകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി 2021-2022 വര്‍ഷത്തെ ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം കേരള സ്‌റ്റേറ്റ് ഫിലീം ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പുറത്തിറക്കി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ജനുവരി 17നാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksfdc.in സന്ദര്‍ശിക്കുക.
ക്യാമറയ്ക്ക് പിന്നിലെ സ്ത്രീ സാന്നിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2019-20 വര്‍ഷത്തിലാണ് ആദ്യമായി വനിതകളുടെ സംവിധാനത്തിലുള്ള സിനിമ എന്ന നുതനമായ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് സിനിമ പിന്നണികളില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ട് വേറിട്ടൊരു പദ്ധതി നടപ്പാക്കുന്നത്. അപേക്ഷ പ്രകാരം വനിതകളില്‍ നിന്നും വരുന്ന തിരക്കഥകള്‍ സിനിമാ മേഖലയിലെ വിദഗ്ധരടങ്ങുന്ന ജൂറി അംഗങ്ങളുടെ വിലയിരുത്തലുകളിലൂടെ തിരഞ്ഞെടുക്കപ്പെടുന്നു. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ നിര്‍മ്മാണ ചുമതല കേരള സ്‌റ്റേറ്റ് ഫിലീം ഡിവലപ്‌മെന്റ് കോര്‍പ്പറേഷനാണ്.
തിരഞ്ഞെടുക്കുന്ന ഒരു സിനിമ നിര്‍മ്മിക്കുന്നതിനായി 1.5 കോടി രൂപയാണ് അനുവദിക്കുന്നത്. ഇത്തരത്തില്‍ പ്രതിഭാശാലികളായ രണ്ട് നവാഗത സംവിധായകരെയാണ് കഴിഞ്ഞ വര്‍ഷം മലയാള സിനിമാ ലോകത്തിന് സമ്മാനിക്കാന്‍ പദ്ധതിയിലൂടെ സാധിച്ചത്. താരാ രാമാനുജന്‍ രചന, സംവിധാനം എന്നിവ നിര്‍വഹിച്ച ”നിഷിധോ” എന്ന ചലച്ചിത്രത്തിനാണ് കഴിഞ്ഞ വര്‍ഷം ഒന്നാംസ്ഥാനം ലഭിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്തമായ ചലച്ചിത്ര മേളകളിലേക്കും സിനിമ തിരഞ്ഞെടുക്കപ്പെട്ടു. 26-മത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേയ്ക്കും ”നിഷിധോ” തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം സ്ഥാനം ലഭിച്ചത് മിനി ഐ.ജി സംവിധാനം ചെയ്ത ”ഡിവോഴ്സ്” എന്ന ചിത്രത്തിനാണ്.