കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിന് പിന്നാലെ പദ്ധതിയെ പിന്തുണച്ച് ഹൈക്കോടതിയുടെ ഉത്തരവ്. പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തി വെക്കണം എന്ന് ആവശ്യപ്പെട്ട് നാല് ഭൂവുടമകള്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ വിജ്ഞാപനം നിയമവിരുദ്ധമാണെന്നും, റെയില്‍വേ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നും കാണിച്ചാണ് ഭൂവുടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തടസമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തിന് അനുമതിയുണ്ടെന്നും റെയില്‍വേ കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.
ഏറ്റെടുക്കേണ്ട ഭൂമിയുടെ വിവരങ്ങള്‍ ലഭിച്ചത് എങ്ങനെയാണെന്ന് സര്‍ക്കാരിനോടു കോടതി ചോദിച്ചിരുന്നു. വിജ്ഞാപനം അനുസരിച്ചു സര്‍വേ ആന്‍ഡ് ബൗണ്ടറീസ് നിയമപ്രകാരമുള്ള സര്‍വേ തുടരുകയാണെന്നു സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതില്‍ വിശദീകരണം ആവശ്യപ്പെട്ടതോടെയാണ്
സംസ്ഥാനത്തിനു ഭൂമി ഏറ്റെടുക്കാന്‍ റെയില്‍വേയുടെ പ്രത്യേക വിജ്ഞാപനം ആവശ്യമില്ലെന്നും, ഇതു പ്രത്യേക റെയില്‍വേ പ്രൊജക്ട് അല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വാദം ന്യായമാണെന്നും, സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ക്ക് വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്നും റെയില്‍വേ കോടതി ബോധിപ്പിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് വിശദമായ വാദമാണ് കോടതിയില്‍ നടന്നത്.