അമൃത്‌സര്‍: ഇറ്റലിയില്‍ നിന്ന് അമൃത്‌സറിലെത്തിയ 190 വിമാനയാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. റോമില്‍ നിന്ന് 285 യാത്രക്കാരുമായെത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയ യാത്രക്കാര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. ഇതിന് മുമ്പ് 179 യാത്രക്കാരുമായി റോമില്‍ നിന്നെത്തിയ ചാര്‍ട്ടേഡ് വിമാനത്തിലെ 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറ്റലിയില്‍ നിന്നെത്തിയ ചാര്‍ട്ടേഡ് വിമാനത്തിലെ 170 ലേറെ യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗ ബാധിതരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുവാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാമെന്ന ഉറപ്പിന്‍മേല്‍ അധികൃതര്‍ വിട്ടയച്ചു. വിമാനത്താവളത്തില്‍ എത്തുന്നവരില്‍ പരിശോധന തുടരുന്നതിനാല്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നേക്കാമെന്ന് ശ്രീ ഗുരു റാം ദാസ് ജി രാജ്യാന്തര വിമാനത്താവളത്തിലെ ഡയറക്ടര്‍ വി കെ സേഥ് മാധ്യമങ്ങളോട് പറഞ്ഞു.