കൊച്ചി: സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് വഴി കേരളത്തില്‍ അപകടം ക്ഷണിച്ച് വരുത്തുകയാണെന്ന മുന്നറിയിപ്പുമായി മാധവ് ഗാഡ്ഗില്‍. സാധാരക്കാരെയും പരിസ്ഥിതിയെയും അപകടപ്പെടുത്തികൊണ്ടാണ് പദ്ധതി നടപ്പാവുകയെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിന്‍ ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച എ.പി.ജെ. അബ്ദുള്‍ കലാം അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംവാദത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന മെഗാ പ്രൊജക്ടുകള്‍ പ്രാവര്‍ത്തികമാക്കുന്നതിന് മുന്‍പ് രാജ്യം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയില്‍ നിക്ഷേപം ഉറപ്പാക്കണം. പദ്ധതി നടത്തിപ്പിനായി വലിയ തോതില്‍ പാറയും എംസാന്‍ഡും ഉള്‍പ്പെടെ വലിയ അളവില്‍ അസംസ്‌കൃത വസ്തുക്കള്‍ ആവശ്യമായി വരും. ഇത്തരം പദ്ധതികളില്‍ ഉള്‍പ്പെട്ടതാണ് സില്‍വര്‍ലൈന്‍ പദ്ധതി. അതുകൊണ്ട് തന്നെ ഇത്തരം വന്‍കിട പദ്ധതികള്‍ ജലസ്രോതസുകളുടെ പരിപാലനത്തെ വളരെ അപകടകരമായി ബാധിക്കും എന്നത് ഉറപ്പാണ്. 2018 ലും 2019 ലും കേരളം നേരിട്ട വെള്ളപ്പൊക്കത്തില്‍ നിന്നും മനസ്സിലാക്കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാകണം കേരളത്തില്‍ ഇത്തരത്തിലുള്ള വന്‍കിട പദ്ധതികള്‍ നടപ്പാക്കാനെന്ന് ഗാഡ്ഗില്‍ പറഞ്ഞു.