തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി തിരുവനന്തപുരം നഗരസഭ. നഗരത്തില്‍ ശനിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു എന്ന് നഗരസഭ വ്യക്തമാക്കി. പ്രതിദിനം ഒന്നരലക്ഷത്തിലധികം ഉപയോഗശൂന്യമായ പ്ലാസ്്റ്റികുകള് നഗരത്തില്‍ നിന്നും ലഭിക്കുന്നുണ്ടെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 120 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത് കണക്കിലെടുത്താണ് നഗരസഭയുടെ പുതിയ പ്രഖ്യാപനം. നിയമം നടപ്പാക്കിയതിന് പിന്നാലെ നിരോധിത ഉല്‍പ്പന്നങ്ങള്‍ കടകളില്‍ നിന്ന് പിടിച്ചെടുക്കാന്‍ നഗരസഭ നിര്‍ദേശം നല്കി കഴിഞ്ഞു.
പ്ലാസ്റ്റിക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്ന തയ്യാറെടുപ്പിലാണ് വ്യാപാരികള്‍. ഇതിന്റെ ഭാഗമായി നഗരത്തിലെ കടകളിലെല്ലാം തുണിസഞ്ചികള്‍ എത്തിക്കഴിഞ്ഞു. തുണിസഞ്ചികളുടെ ഗുണമേന്മ കണക്കാക്കിയാണ് വില കണക്കാക്കുന്നത്. 10 രൂപ മുതല്‍ 20 രൂപ വരെയാണ് തുണിസഞ്ചികളുടെ വില നിശ്ചയിച്ചിരിക്കുന്നത്. അതേസമയം പ്ലാസ്റ്റിക് നിരോധിക്കുന്നതോടെ പ്രതിസന്ധിയിലാകുന്നത് ഇറച്ചിക്കടകളും, ഹോട്ടലുകളിലെ പാഴ്സല്‍ മേഖലയുമാണ്.