കോഴിക്കോട് : കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കാനൊരുങ്ങി ജില്ലാഭരണകൂടം. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ മാത്രം 1,648 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിനംപ്രതി കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി ജില്ലയിലെ വിനോദസഞ്ചാര മേഖലയില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കാനാണ് തീരുമാനം. ആളുകള്‍ കൂട്ടത്തോടെ എത്തുന്ന ബീച്ച് , മാളുകള്‍ തുടങ്ങിയ പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കും. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ ഓഫീസുകളിലും മറ്റുമുള്ള ജീവനക്കാരുടെ എണ്ണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ വീടുകളില്‍ വര്‍ക്ക് അറ്റ് ഹോം നടപ്പാക്കാനും നിര്‍ദേശമുണ്ട്. ഹോട്ടലുകളിലും റസ്‌റ്റോററ്റുകളിലും തിയേറ്ററുകളിലും 50 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
വരും ദിവസങ്ങളിലെ കോവിഡ് കേസുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവലോകനയോഗം ചേരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
ജില്ലയില്‍ ഇന്നലെ 1,648 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 1,603 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 19 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 20 പേര്‍ക്കും 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,113 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 467 പേര്‍ കൂടി രോഗമുക്തി നേടി. 27.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9,337 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2,368 പേര്‍ ഉള്‍പ്പടെ 21,724 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 12,08,068 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 4,507 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവര്‍ 9,337
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 97
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 55
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 3
സ്വകാര്യ ആശുപത്രികള്‍ 197
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 0
വീടുകളില്‍ ചികിത്സയിലുളളവര്‍ 7,337