കോഴിക്കോട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വാർഡ് തല പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുമായി കൌൺസിലർമാരുടെ ഓൺലൈൻ യോഗം 22.01.2022-ന് ഉച്ചക്കു ശേഷം 3 മണിക്ക് നടന്നു. യോഗത്തിൽ മേയർ അദ്ധ്യക്ഷം വഹിച്ചു. കൌൺസിലർമാർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കോർപ്പറേഷൻ സെക്രട്ടറി, ഹെൽത്ത് ഓഫീസർ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു
കോവിഡ് 19 രോഗബാധ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നിതിനായാണ് യോഗം വിളിച്ചു ചേർത്തതെന്ന് മേയർ ആമുഖമായി പറഞ്ഞു. സർക്കാർ ഉത്തരവ് അനുസരിച്ച് ശുചിത്വം, മാലിന്യനിർമ്മാർജ്ജനം ഇവയാണ് ഇത്തവണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യേണ്ട കാര്യങ്ങളെന്നും മേയർ പറഞ്ഞു. നേരത്തെ വന്നതുപോലെയല്ല നിലവിലെ സാഹചര്യമെന്നും നേരിയ രോഗലക്ഷണങ്ങളോടു കൂടിയാണ് അസുഖം വരുന്നതെന്നും ഇത് വാക്സിനേഷൻ ഏതാണ്ട് പൂർത്തീകരിച്ചതിനാലും ഒമിക്രോൺ ശക്തി കുറഞ്ഞതുകൊണ്ടും ആയിരിക്കാം ഇതെന്നും മേയർ അഭിപ്രായപ്പെട്ടു.
തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കാര്യങ്ങൾ വിശദീകരിച്ചു. കോവിഡ് രോഗബാധ വർദ്ധിച്ചിരിക്കയാണ്. എന്നാൽ ഇത്രയും കേസ്സുകൾ വന്നിട്ടും ഹോസ്പിറ്റൽ അഡ്മിഷൻ കൂടുതൽ വന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. നിലവിൽ 200 റൂമുകൾ ഉള്ള എൻ.ഐ.ടി-യിലെ എസ്.എൽ.ടി.സി ഒമിക്രോൺ കേസ്സുകൾക്ക് മാത്രമായി മാറ്റിവെച്ചിരിക്കയാണ്. അതിൽ 59 എണ്ണം ഒക്യൂപൈഡ് ആണ്.
കാറ്റഗിറി ബി കേസ്സുകൾ ബീച്ച് ഹോസ്പിറ്റലിൽ ആണ് അഡ്മിറ്റ് ചെയ്യുന്നത്. ഐ.സി.യു സംവിധാനം മെഡിക്കൽ കോളേജിൽ മാത്രമേയുള്ളൂ. പ്രൈവറ്റ് ഹോസ്പിറ്റലിലും ആവശ്യമായ ബെഡുകൾ മാറ്റിവെക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിലുള്ള സാഹചര്യത്തിൽ പേടിക്കേണ്ടതില്ല. എന്നാൽ കേസ്സുകൾ കൂടിക്കൊണ്ടിരുന്നാൽ കൂടുതൽ പേരെ ഹോസ്പിറ്റലൈസ് ചെയ്യേണ്ട സാഹചര്യം വന്നേക്കാം. അതനുസരിച്ച് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കേണ്ടതുണ്ട്.
100 ബെഡുകളുള്ള എസ്.എൽ.ടി.സി ഹോമിയോ മെഡിക്കൽ കോളേജിൽ ഒരുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ ജീവനക്കാരെ ജില്ലാ ആരോഗ്യവിഭാഗം നിയോഗിച്ചിട്ടുണ്ട്. ശുചീകരണത്തിനുള്ള ജീവനക്കാരെ കോർപ്പറേഷൻ നിയമിക്കേണ്ടതുണ്ട്. മാലിന്യ നിർമ്മാർജ്ജനം, ഡാറ്റാ എൻട്രി എന്നിവ കൂടി കോർപ്പറേഷൻ ചെയ്യേണ്ടതുണ്ട്.
ഹോം ഐസൊലേഷൻ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനും അന്താരാഷ്ട്ര യാത്രക്കാരോട് ഐസൊലേഷൻ പാലിക്കുന്നതിന് നിർദ്ദേശം ഉറപ്പാക്കുന്നതിനും ആർ.ആർ.ടി സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. കൊവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് സഹായധനം ലഭ്യമാക്കുന്നത് സംബന്ധിച്ച നടപടികൾ ത്വരിതപ്പെടുത്തേണ്ടതുണ്ട്. കൊവിഡ് മരണമാണെന്ന് സാക്ഷ്യപത്രം ലഭ്യമാക്കുന്നതിന് നടപടി വേഗത്തിലാക്കുന്നതിന് നിർദ്ദേശിച്ചിട്ടുണ്ട്. അതോടൊപ്പം സഹായധനത്തിന് അപേക്ഷ നൽകുന്നതിനുള്ള നടപടിയും വേഗത്തിലാക്കേണ്ടതാണ്.
രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവർക്ക് എത്രയും പെട്ടെന്ന് വാക്സിൻ നൽകുന്നതിനും അതോടൊപ്പം 15 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നത് എത്രയും പെട്ടെന്ന് പൂർത്തീകരിക്കേണ്ടതുമുണ്ട്. ഹോസ്റ്റലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ രോഗബാധിതരാവുന്നവരെ താമസിപ്പിക്കുന്നതിന് അവിടങ്ങളിൽ തന്നെ മാറ്റിത്താമസിപ്പിക്കുന്നതിനാണ് നിലവിൽ ധാരണയായിട്ടുള്ളതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വിശദീകരിച്ചു.
കോവിഡ് പോസിറ്റീവ് രോഗികൾക്കായി ഹോം ഐസൊലേഷൻ മോണിറ്ററിംഗ് കാർഡ് തയ്യാറാക്കിയിട്ടുണ്ടെന്നും അതനുസരിച്ച് ഓരോ യു.പി.എച്ച്.സി-കളിലും വാർഡിന്റെ ചുമതലയുള്ള ഫീൽഡ് സ്റ്റാഫ് എല്ലാ രോഗികളുടെയും വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. നേരിയ ലക്ഷണങ്ങളുള്ള രോഗികൾ വീടുകളിൽ തന്നെ ഐസൊലേഷനിൽ കഴിയേണ്ടതും കുറച്ചു കൂടുതൽ ലക്ഷണങ്ങളുള്ള രോഗികൾക്ക് ആവശ്യമായി വരുന്ന പക്ഷം ഹോസ്പിറ്റലൈസ് ചെയ്യുന്നതിന് ആംബുലൻസുകൾ തയ്യാറാക്കി നിർത്തേണ്ടതുണ്ട്. കോവിഡ് പോസിറ്റീവ് ആവുന്ന ഡയാലിസിസ് രോഗികൾക്കായി അതാത് ഡയാലിസിസ് സെന്ററുകളിൽ പ്രത്യേകം ഷിഫ്റ്റുകൾ ആയി സജ്ജീകരിക്കുക. ഇ – സഞ്ജീവനി ടെലി കൺസൾട്ടേഷൻ ഉപയോഗിക്കാവുന്നതാണ്. കോവിഡ് പരിശോധന ഫലം വൈകുന്നത് പരിഹരിക്കുന്നതിന് നിലവിലുള്ള ആർടിപിസിആർ പരിശോധന ലാബിന്റെ ശേഷി ഉയർത്താവുന്നതാണ്. രോഗലക്ഷണങ്ങളുള്ള എല്ലാവരും ക്വാറന്റൈനിൽ ഇരിക്കണം. പ്രൈമറി കോൺടാക്ട് ആയിട്ടുള്ളവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്നും പ്രത്യേക അവധിയും അനുവദിക്കുന്നതല്ലെന്നും ഞായറാഴ്ച വാരാന്ത്യ ലോക്ക്ഡൌൺ ആണെന്നും ജില്ലാ പ്രൊജക്ട് മാനേജർ വിശദീകരിച്ചു.
തുടർന്ന് ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോ.എസ്.ജയശ്രീ സംസാരിച്ചു. വാർഡ് തലത്തിൽ കൌൺസിലർമാർ എന്ന രീതിയിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്നാണ് ആലോചിക്കേണ്ടത്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ചെയ്ത പോലെയല്ല ഇത്തവണ ചെയ്യേണ്ടത്. കൌൺസിലർമാർ അവരവരുടെ വാർഡുകളിലെ രോഗികളെ (ജെ.പി.എച്ച്.എൻ വഴി കിട്ടുന്ന ലിസ്റ്റ് വെച്ച്) അതത് വാർഡിന്റെ ചുമതലയുള്ള ഡോക്ടർമാരുമായി സംസാരിക്കുന്നതിനും വഴിയൊരുക്കുക. ഡോക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ആവശ്യമായ തുടർനടപടി സ്വീകരിക്കുക. ഒരു വീട്ടിലുള്ള എല്ലാവർക്കും കൊവിഡ് വരുന്ന സാഹചര്യത്തിൽ അത്തരം സ്ഥലങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ കോർപ്പറേഷന കഴിയേണ്ടതുണ്ട്. കോഴിക്കോട് കോർപ്പറേഷൻ സുസജ്ജമാണ്. എല്ലാ രീതിയിലും ഇടപെടുന്നതിന് കോർപ്പറേഷന് നിലവിൽ ബുദ്ധിമുട്ടില്ല. പ്രൈവറ്റ് ലാബുകളിൽ നടക്കുന്ന ടെസ്റ്റുകൾ യഥാസമയം കോർപ്പറേഷനിൽ ലഭ്യമാക്കുന്നത് ഉറപ്പു വരുത്തേണ്ടതുണ്ട്. ആന്റിജൻ ടെസ്റ്റ് നേരത്തെ എല്ലായിടത്തും നടത്തിയിരുന്നു. ആരും ടെസ്റ്റ് ചെയ്യാൻ വരാത്ത സ്ഥിതിയിലാണ് ഇത് നിർത്തലാക്കിയത്. വീണ്ടും തുടങ്ങുന്നതിന് സർക്കാരിനോട് ആവശ്യപ്പെടാവുന്നതാണ്. വാർഡിലെ വാക്സിൻ എടുക്കാത്തവരെയും കോ-മോർബിഡിറ്റി ഉള്ളവരെയും പ്രത്യേകം മോണിറ്ററിംഗ് ചെയ്യുന്നതിന് വാർഡ് കൌൺസിലർമാർ മുൻകൈയെടുക്കേണ്ടതുണ്ട്. ഒരുമിച്ച് നിന്നുകൊണ്ടുള്ള പ്രവർത്തനമാണ് വേണ്ടത്. അതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വിശദീകരിച്ചു.
ചർച്ചയിൽ പങ്കെടുത്ത് .കെ.സി.ശോഭിത, .കെ.മൊയ്തീൻകോയ, .എസ്.കെ.അബൂബക്കർ, .നവ്യ ഹരിദാസ്, .ടി.റെനീഷ്, .എം.സി.അനിൽകുമാർ, .മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.