ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ സി.പി.എം. ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി വെച്ചു. ജനുവരി 28, 29, 30 തീയതികളില്‍ നടത്താനിരുന്ന സമ്മേളനമാണ് ഇതോടെ മാറ്റിയത്. സി.പി.എം. ജില്ലാ സെക്രട്ടറി ശനിയാഴ്ച രാവിലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥയും പദയാത്രയുമെല്ലാം നേരത്തെ ഒഴിവാക്കിയിരുന്നു.
വൈറസ് വ്യാപനം പെട്ടെന്ന് പടരുന്നതിനാല്‍ തന്നെ പൊതുപരിപാടികള്‍ നടത്തുന്നത് പ്രായോഗികമല്ലെന്ന് നേതാക്കളും വ്യക്തമാക്കി. കോവിഡ് നിയന്ത്രണവിധേയമാകുന്നതോടെ നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം പുതിയ സമ്മേളന തിയതി പ്രഖ്യാപിക്കുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം സി.പി.എം. ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സമ്മേളനം നീട്ടി വയ്ക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരത്തെ ജില്ലാ സമ്മേളനത്തിനിടെ മെഗാതിരുവാതിരയും ഗാനമേളസംഘടിപ്പിച്ചതും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കാസര്‍കോട് ജില്ലയില്‍ അന്‍പതുപേരില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ഒരു പൊതുപരിപാടിയും പാടില്ലെന്ന ഹൈക്കോടതി നിര്‍ദ്ദേശം വന്നതോടെ രണ്ട് ദിവസമായി നടത്തേണ്ടിയിരുന്ന സമ്മേളനം ഒറ്റ ദിവസത്തില്‍ ഒതുക്കേണ്ടി വന്നു. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ കാസര്‍ഗോഡ് ജില്ലയില്‍ പൊതുസമ്മേളനങ്ങള്‍ വിലക്കിയുള്ള ജില്ലാ കളക്ടര്‍ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ അത് പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതിയിലെത്തിയ ഹര്‍ജിയിലാണ് 50ലധികം പേരെ പങ്കെടുപ്പിച്ചുള്ള സമ്മേളനങ്ങള്‍ കാസര്‍കോട് ജില്ലയില്‍ നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിറഫക്കിയത്. കോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെസി.പി.എം. ജില്ലാ സമ്മേളനവും വെട്ടിച്ചുരുക്കുകയായിരുന്നു.