കോവിഡ് വ്യാപനത്തിന് പിന്നാലെ മരുന്നുവില്‍പ്പനയില്‍ ഉണ്ടായത് റെക്കോര്‍ഡ് വര്‍ദ്ധന. കോവിഡിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നായ ജലദോഷപ്പനിക്ക് വ്യാപകമായി ഡോളോ പോലുള്ള മരുന്നുകളെ ആശ്രയിച്ച് തുടങ്ങിയതോടെയാണ് മരുന്ന് വില്‍പ്പന കുത്തനെ കൂടിയത്. രോഗലക്ഷണങ്ങള്‍ക്കെതിരെ സ്വന്തമായി മരുന്ന് വാങ്ങി കഴിക്കുന്നത് കൂടിയതോടെ കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മരുന്നു വാങ്ങുന്നവരുടെ എണ്ണം ഇരട്ടിയായതായാണ് കണക്ക്.
പാരസെറ്റമോള്‍, സിട്രിസിന്, അസിത്രോമൈസിന്‍, അമോക്സിസിലിന്‍, അസെക്ളോഫിനാക് പഌ് പാരസെറ്റമോള്‍, സൈനാറെസ്റ്റ്, വൈകോറില്, ആംബ്രോക്സോള്‍ സിറപ്പ്, ക്ളോര്ഫെനിറാമിന് മലെയ്റ്റ് പഌ് പാരസെറ്റമോള്‍ പഌ് ഫെനിലിഫ്രിന്, നേസല്‍ ഡ്രോപ്, സിങ്ക്, കാല്‍സ്യം, വൈറ്റമിന്സി എന്നിവയുടെ വില്‍പ്പനയ്ക്ക് മുന്‍വര്‍ഷത്തെക്കാള്‍ 30 മുതല്‍ 80% വരെ വര്‍ദ്ധനവാണ് ഉണ്ടായത്.
സംസ്ഥാനത്തെ മരുന്ന് ഷോപ്പുകളിലെത്തുന്ന അക്യൂട്ട് ഡ്രഗ്സ് അതായത് അസുഖങ്ങള്‍ക്ക് ഹ്രസ്വകാലത്തേക്ക് നല്കുന്ന മരുന്നുകള്‍ക്ക് വിപണിയില്‍ ഡിമാന്റ് വര്‍ദ്ധിച്ചതായാണ് വില്‍പ്പനയില്‍ മുന്നിട്ടുനില്ക്കുന്ന നാല് ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളും അനൗദ്യോഗികമായി നല്കുന്ന കണക്ക്. കോവിഡ് ചികിത്സയ്ക്കും മറ്റുമായി സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി വലിയ ഫീസ് നല്‍കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്തും, സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളോടുള്ള അവഗണനയുമാണ് സ്വയം ചികിത്സയിലേക്ക് ആളുകളെ എത്തിക്കുന്നത്.
പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ചികിത്സാകേന്ദ്രങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ 10 മുതല്‍ 30 വരെ ശതമാനമാണ് വര്‍ധന. എന്നാല്‍, മരുന്ന് വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെക്കാള്‍ 30 മുതല്‍ 80 വരെ ശതമാനം വര്‍ധന രേഖപ്പെടുത്തി. ആരോഗ്യവകുപ്പിനു കീഴിലുള്ള ചികിത്സാ കേന്ദ്രങ്ങളില്‍മാത്രം 10 മുതല്‍ 15 വരെ ശതമാനം പുതിയ രോഗികള്‍ പ്രതിദിനം ഉണ്ടായിട്ടുണ്ട്. അതേസമയം സ്വയം ചികിത്സ കാലങ്ങള്‍ക്ക് ശേഷം ശരീരത്തെ മറ്റൊരു തരത്തില്‍ ബാധിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. രോഗലക്ഷണങ്ങളെ മരുന്ന് കഴിച്ച് ഒതുക്കുന്നതും രോഗം ഗുരുതരമാക്കുന്നതിന് കാരണമാകുന്നു.