കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ ചാടിപ്പോയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ് ചില്‍ഡ്രന്‍സ് ഹോമിലെ ആറ് പെണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തുടര്‍ന്ന് നടത്തിയ തിരിച്ചിലിനൊടുവില്‍ ആറ് പെണ്‍കുട്ടികളെയും വിവിധ ദിവസങ്ങളിലായി പോലീസ് കണ്ടെത്തുകയായിരുന്നു. മഡിവാളയില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ ഒരു പെണ്‍കുട്ടിയെ ഹോട്ടലിന് സമീപത്ത് വെച്ചും മറ്റൊരാളെ മാണ്ഡ്യയില്‍ വെച്ചും മറ്റ് നാല് പേരെ മലപ്പുറം എടക്കരയില്‍ വെച്ചും പോലീസ് പിടികൂടുകയായിരുന്നു.
ഇവര്‍ക്ക് പുറമേ ഹോട്ടലില്‍ നിന്നും രണ്ട് യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവാക്കളുടെ സഹായത്തോടെയാണ് പെണ്‍കുട്ടികള്‍ക്ക് ബെംഗളൂരു മഡിവാളയിലെ ഹോട്ടലില്‍ മുറി എടുത്തതെന്ന് പോലീസ് കണ്ടെത്തി. കൈയില്‍ പണവും മൊബൈല്‍ ഫോണും ഇല്ലാത്തവരെ ബാംഗ്ലുരൂവിലെത്താന് സഹായിച്ചത് ഈ യുവാക്കളാണെന്നാണ് പോലീസ് പറയുന്നത്. യുവാക്കളെ കാണാനായി പെണ്‍കുട്ടികള്‍ ആദ്യം പോയത് നിലമ്പൂരിലേക്കാണ്. യുവാക്കളുടെ നിര്‍ബന്ധപ്രകാരമാണോ പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടു നിന്ന് ബസില്‍ പാലക്കാട്ടെക്ക് ബസ് മാര്‍ഗമാണ് ഇവര്‍ സഞ്ചരിച്ചത്. അവിടെ നിന്നും ട്രെയിനില്‍ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നുവെന്ന് കുട്ടികള്‍ പോലീസിനോടു പറഞ്ഞു. സ്ഥലങ്ങള്‍ കാണാന്‍ പോയെന്നാണ് കുട്ടികള്‍ ആദ്യം മൊഴി നല്‍കിയത്. പിന്നീട് വിശദമായ ചോദ്യം ചെയ്യലിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ യുവാക്കള്‍ ഹോട്ടലിലെത്തി മുറി അന്വേഷിച്ചിരുന്നുവെന്നും, പിന്നീട് ഉച്ചയ്ക്ക് രണ്ടരയോടെ വീണ്ടും വന്ന് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് മുറി ബുക്കുചെയ്യുകയും കുറച്ച് സന്ദര്‍ശകരുണ്ടാകുമെന്നും അറിയിക്കുകയും ചെയ്തിരുന്നുവെന്നും ഹോട്ടല്‍ അധികൃതര്‍ പോലീസിനെ അറിയിച്ചിരുന്നു. അധികം താമസിയാതെ ആറു പെണ്‍കുട്ടികള്‍ ഹോട്ടലിലേക്ക് വരികയും, തിരിച്ചറിയല്‍ രേഖ ചോദിച്ചപ്പോള്‍ കളവ് പോയെന്നായിരുന്നു മറുപടി. ഇതില്‍ സംശയം തോന്നിയതോടെയാണ് ഹോട്ടല്‍ ജീവനക്കാര്‍ പോലീസിന് വിവരം അറിയിക്കുന്നത്. ഈ വിവരം അറിഞ്ഞ പെണ്‍കുട്ടികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഹോട്ടല്‍ജീവനക്കാര്‍ ചേര്‍ന്ന് തടഞ്ഞ് വെച്ചെങ്കിലും അഞ്ച് പേര് സമീപത്തെ മതില് ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ആറ് പേരും പിടിയിലായി.
അതേസമയം യുവാക്കള്‍ തങ്ങളെ ശാരീരികമായി പീഢിപ്പിക്കാന്‍ ശ്രമിച്ചെന്നും മദ്യം നല്‍കിയെന്നും പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്കി. ഇതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് യുവാക്കള്‍ക്കെതിരേ കേസെടുക്കുക. ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്നും മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്ശന് അറിയിച്ചു. കുട്ടികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
ആറു കുട്ടികളില്‍ ഒരാളെ വീട്ടുകാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് തിരിച്ചുപോകില്ലെന്നും തങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് പഠിക്കാന്‍ സൗകര്യം ഒരുക്കിത്തരണമെന്നും ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു.