പാലക്കാട്: മലമ്പുഴ പാറ ഇടുക്കില്‍ കുടങ്ങിയ ബാബുവിന് രക്ഷകരായി കരസേന. സേനയിലെ രണ്ട് അംഗങ്ങള്‍ രക്ഷാദൗത്യം ഏറ്റെടുക്കുകയായിരുന്നു. യുവാവിന് വെളളവും ലഘുഭക്ഷണവും നല്‍കിയതിന് ശേഷമാണ് സേനാംഗങ്ങള്‍ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. 45 മണിക്കൂറിനൊടുവിലാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. ഇന്നലെ വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. റോപ് വഴി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് വിജയം കണ്ടത്. താഴെ എത്തിയ ഉടന്‍ ബാബുവിന്റെ ആരോഗ്യനില പരിശോധിക്കുകയും പ്രാഥമിക ചികിത്സ ഉറപ്പു വരുത്തിയ ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡിഎംഒയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘമാണ് ബാബുവിന് പ്രാഥമിക ചികിത്സ നല്‍കിയത്.
കരസേനയുടെ രണ്ട് ടീമുകള്‍ക്കൊപ്പം എന്‍ഡിആര്‍എഫിന്റെ 20 അംഗ ടീമുമാണ് രക്ഷാദൗത്യം ഏറ്റെടുത്തത്.
സേനയുടെ ഒരു ടീം മലയുടെ താഴ്ഭാഗത്തു നിന്നും മറ്റൊരുടീം മുകളില്‍ നിന്നുമാണ് ബാബുവിനടുത്ത് എത്തിയത്. സ്ഥലത്തുളള സര്‍വേ വകുപ്പിന്റെ ഡ്രോണ്‍ സംഘം സേനാംസംഘങ്ങള്‍ക്ക് സഹായമായ വിധത്തില്‍ പ്രദേശത്തിന്റെ ദൃശ്യങ്ങള്‍ കൈമാറിയതും രക്ഷാദൗത്യത്തിന് സഹായകരമായി. ചെങ്കുത്തായ പാറമലയിലേക്ക് റോപ് ഉപയോഗിച്ചാണ് കയറിയത്.
ജില്ലാകലക്ടര്‍ മൃണ്‍മയീ ജോഷി, ജില്ലാപൊലീസ് മേധാവി ആര്‍.വിശ്വനാഥ് എന്നിവര്‍ ഇന്നലെ രാത്രിമുതല്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയായിരുന്നു. ബാബുവിന്റെ ഉമ്മയും പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുകയായിരുന്നു.
മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലമ്പുഴ മലമുകളിലെത്തുന്നത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. ഇതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിക്കുന്ന സമയം ബാബു മലമുകളിലേക്ക് കയറുന്ന ദൗത്യം തുടര്‍ന്നു. ഇതിനിടെയാണ് ബാബു കാല്‍ വഴുതി കുത്തനെയുള്ള മലമുകളിലേക്ക് വീഴുന്നത്. അപകടത്തിനിടെ ബാബുവിന്റെ കാലിനും ചെറിയ പരിക്കേറ്റിട്ടുണ്ട്. തിരിച്ചെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ വിവരം അറിയിക്കുന്നത്. കേരളത്തില്‍ ഒരാള്‍ക്കായി നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് മലമ്പുഴയില്‍ നടന്നതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.