കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ (78) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ദേഹാസ്വാസ്യത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10: 30 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണത്തിന് കാരണം. ഖബറടക്കം െൈവകീട്ട് അഞ്ചിന് കണ്ണമ്പറമ്പ് ഖബര്‍സ്ഥാനില്‍ നടക്കും.
1980ല്‍ മലബാര്‍ ചോംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറിയായാണ് സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. പിന്നീട് 1991 മുതല്‍ ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റായി. ഭാരത് വ്യാപാരി വ്യവസായി അംഗം, വാറ്റ് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി അംഗം, വ്യാപാരി ക്ഷേമനിധി വൈസ് ചെയര്‍മാന്‍, ഏകോപന സമിതിക്കു കീഴില്‍ ഷെഡ്യൂള്‍ഡ് ബാങ്ക് പദവിയുള്ള കേരള മര്‍ക്കന്റയില്‍ ബാങ്ക് സ്ഥാപിക്കുകയും അതിന്റെ ആദ്യ ചെയര്‍മാന്‍ ആയി ചുമതലയേല്‍ക്കുകയും ചെയ്തു. ഷോപ്‌സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധി ബോര്‍ഡ് അംഗം, ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ബോര്‍ഡ് അംഗം, വ്യവസായ ബന്ധസമിതി അംഗം, സംസ്ഥാനസര്‍ക്കാരിന്റെ ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍, തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
1944 ഡിസംബര്‍ 25 ന് കോഴിക്കോട് കൂടാരപ്പുരയില്‍ ടി.കെ മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തെ മകനായി ജനനം. ഹിദായത്തുല്‍ ഇസ്ലാം എല്‍പി സ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മിഠായിത്തെരിവിലെ ബ്യൂട്ടി സ്‌റ്റോര്‍സ് ഉടമയായിരുന്നു. കേരളത്തിലെ വ്യാപാരികളെ സംഘടിത ശക്തിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യാപാരി നേതാവായിരുന്നു ടി. നസറുദ്ദീന്‍. കേരളത്തില്‍ വ്യാപാരികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഭാര്യ: ജുബൈരിയ. മക്കള്‍: മുഹമ്മദ് മന്‍സൂര്‍ ടാംടണ്‍(ബിസിനസ്), എന്‍മോസ് ടാംടണ്‍(ബിസിനസ്), അഷ്‌റ ടാംടണ്‍, അയ്‌ന ടാംടണ്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്). മരുമക്കള്‍: ആസിഫ് പുനത്തില്‍(പൈലറ്റ് സ്‌പൈസ് ജെറ്റ്), ലൗഫീന മന്‍സൂര്‍ (പാചകവിദഗ്ധ), റോഷ്‌നാര, നിസ്സാമുദ്ദീന്‍ (ബിസിനസ്, ഹൈദരാബാദ്). സഹോദരങ്ങള്‍: ഡോ. ഖാലിദ്(യു.കെ.), ഡോ. മുസ്തഫ(യു.എസ്.), മുംതാസ് അബ്ദുള്ള(കല്യാണ്‍ കേന്ദ്ര), ഹാഷിം (കംപ്യൂട്ടര്‍ അനലിസ്റ്റ്, യു.എസ്.), അന്‍വര്‍(ബിസിനസ്) പരേതനായ ടാംടണ്‍ അബ്ദുല്‍ അസീസ്, പരേതനായ പ്രൊഫ. സുബൈര്‍, പരേതനായ ടി.എ. മജീദ് (ഫാര്‍മ മജീദ്, ഫെയര്‍ഫാര്‍മ).
ടി.നസറൂദ്ദീന്റെ നിര്യാണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ അറിയിച്ചു.