കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. തലയ്ക്ക് പിന്നില്‍ അടിയേറ്റ പാടുകളും, മുഖത്ത് രക്തക്കറകളും കണ്ടെത്തിയതാണ് മരണത്തില്‍ ദുരൂഹത നിലനിര്‍ത്തുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സഹതടവുകാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഒരാളുടെ മരണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നിഗമനം.
മരിച്ച ജിയ റാം ജിലോട്ടിനൊപ്പം സെല്ലില്‍ കഴിഞ്ഞിരുന്ന തജ്മല്‍ ബീവി എന്ന സഹതടവുകാരിയുമായി തര്‍ക്കമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി 7നും 8നും ഇടയ്ക്കാണ് സംഭവം. അഞ്ചാം വാര്‍ഡിലെ 10ാം സെല്ലില്‍ കഴിയുന്ന മരിച്ച ജിയ റാം ജിലോട്ടും തജ്മല്‍ ബീവിയും തമ്മില്‍ തര്‍ക്കം രൂക്ഷമാവും, ഇത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ ഇരുവരെയും രണ്ട് സെല്ലുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ പുലര്‍ച്ചെയോടെ സെല്ലിനുള്ളില്‍ ജിയ റാം ജിലോട്ട് ബോധരഹിതമായി കിടക്കുന്നത് കണ്ട് എത്തിയ അധികൃതരാണ് മരണം സ്ഥിരീകരിക്കുന്നത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തെ മുന്‍നിര്‍ത്തി അന്വേഷണം നടത്തുമെന്നും മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് കെ.സി രമേശ് അറിയിച്ചു.