കോഴിക്കോട്: വരക്കല്‍ ബീച്ചില്‍ നിന്നും ഉപ്പിലിട്ടത് കഴിക്കുന്നതിനിടെ വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് രാസവസ്ത്തു എടുത്തു കുടിച്ച രണ്ട് കുട്ടികള്‍ക്ക് പൊള്ളലേറ്റു. ഉപ്പിലിട്ടതു കഴിക്കുന്നതിനിടെ എരിവു അനുഭവപ്പെട്ട കുട്ടി അടുത്തുള്ള കുപ്പിയില്‍ വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് രാസവസ്ത്തു എടുത്തു കുടിക്കുകയായിരുന്നു. വായ പൊള്ളിയതിനെ തുടര്‍ന്ന് കുട്ടി രാസവസ്ത്തു തുപ്പിയത് അടുത്ത് നിന്ന മറ്റൊരു കുട്ടിയുടെ ദേഹത്ത് ആകുകയും കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേല്‍ക്കുകയായിരുന്നു.
കാസര്‍കോട് തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണു പൊള്ളലേറ്റത്. ഇവരെ കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കു വിധേയമാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോയി. നിലവില്‍ കാസര്‍കോട് ചികിത്സയില്‍ തുടരുകയാണ്.
മദ്രസ പഠനയാത്രയുടെ ഭാഗമായാണ് ഇവര്‍ കോഴിക്കോട്ട് എത്തിയത്. കോഴിക്കോട് ബീച്ചിലെ ഉപ്പിലിട്ടതും ,ഐസൊരിയും കുട്ടികള്‍ക്കിടയില്‍ പ്രശസ്തമാണ്. കൗതുകം തോന്നിയതിനെ തുടര്‍ന്നാണ് കുട്ടികള്‍ ഇത് കഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഉപ്പിലിട്ടത് വേഗം പാകമാകാന്‍ ആഡിഡ് അടക്കമുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് നഗരത്തില്‍ വ്യാപകമാണെന്നു പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സംഭവം.