കോഴിക്കോട്:ഉപ്പും വിനാഗിരിയും ചേര്‍ത്ത് തയാറാക്കുന്ന ഭക്ഷ്യസാധനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കോഴിക്കോട് കോര്‍പ്പറേഷന്റെ ഉത്തരവ്. ഒരറിപ്പ് ഉണ്ടാകുന്നത് വരെ കോര്പറേഷന് പരിധിയില്‍ എവിടെയും ഇത്തരം ഭക്ഷ്യവസ്ത്തുക്കള്‍ വില്ക്കാന് പാടില്ലെന്ന് കോര്പ്പറേഷന് നിര്‍ദേശം നല്കി. വരയ്ക്കല്‍ ബീച്ചിനടുത്ത് കഴിഞ്ഞ ദിവസം രാസലായനി കുടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പൊള്ളലേറ്റ സംഭവത്തെ തുടര്‍ന്നാണ് നടപടി. ബീച്ച് കേന്ദ്രീകരിച്ച് അനാരോഗ്യപദാര്ത്ഥങ്ങള് വില്ക്കപ്പെടുന്നുവെന്ന വ്യാപകപരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കോര്പ്പറേഷന് ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവിഭാഗവും ചേര്‍ന്ന് മിന്നല്‍ പരിശോധന നടത്തിയിരുന്നു.
മദ്രസ പഠനയാത്രയുടെ ഭാഗമായി പയ്യന്നൂരില്‍ നിന്നു കോഴിക്കോട്ടെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഉപ്പിലിട്ടത് പെട്ടെന്ന് പാകമാകാന്‍ ഉപയോഗിക്കുന്ന ഗാഢ അസെറ്റിക് ആസിഡ് കുടിച്ചതാണ് അപകടത്തിന് കാരണമായത്. ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയ മുഹമ്മദ് അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി ഗാഢ അസെറ്റിക് ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. വായ പൊള്ളിയതോടെ തുപ്പിയത് അടുത്ത് നിന്ന സുഹൃത്ത് സാബിത്തിന്റെ ദേഹത്തേക്കും. ഇരുവര്‍ക്കും പൊള്ളലേല്‍ക്കുകയായിരുന്നു.