കൊച്ചി: മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളിലൊരാളുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളലായി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായര്‍ ഉച്ചയോടെ 12.30 നാണ് മരണം. ജനാസ ഖബറടക്കം നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളിയില്‍
ചന്ദ്രി ദിനപത്രം മാനേജിങ് ഡയറക്ടറും നിരവധി മഹല്ലുകളുടെ ഖാദിയുമായ ഹൈദരലി തങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തും രാഷ്ട്രീയ, സാമുദായിക, ആത്മീയ നേതൃസ്ഥാനം വഹിച്ചിരുന്നു.
പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും മറിയം എന്ന ചെറിഞ്ഞി ബീവിയുടെയും പുത്രന്‍മാരില്‍ മൂന്നാമനായി 1947 ജൂണ്‍ 15ന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ ജനനം.
പാണക്കാട്ടെ ദേവധാര്‍ സ്‌കൂള്‍, കോഴിക്കോട് മദ്‌റസത്തുല്‍ മുഹമ്മദിയ്യ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു എസ് എസ് എല്‍ സി വരെയുള്ള പഠനം.
1972 ല്‍ ജാമിഅയില്‍ ചേര്‍ന്ന ഹൈദരലി തങ്ങള്‍ 1975 ല്‍ ഫൈസി ബിരുദം നേടി. ഇവിടെ വെച്ച് വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമ സ്റ്റുഡന്റ് ഫെഡറേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
1973 ല്‍ സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായി.
2008ല്‍ സമസ്ത മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട തങ്ങളെ 2010 ഒക്ടോബര്‍ രണ്ടിന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 2009 ല്‍ സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റായി.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ 2009 ഓഗസ്റ്റ് ഒന്നിന് മരണപ്പെട്ടതോടെ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായി ഹൈദരലി ശിഹാബ് തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു.
കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളുടെ മകള്‍ സയ്യിദത്ത് ശരീഫ ഫാത്വിമ സുഹറയാണ് ഭാര്യ. സയ്യദ് നഈമിലി ശിഹാബ് തങ്ങള്‍, സയ്യിദ് മഈനലി ശിഹാബ് തങ്ങള്‍, സയ്യിദത്ത് സാജിദ, സയ്യിദത്ത് വാജിദ എന്നിവരാണ് മക്കള്‍