കക്കയം: കൂരാച്ചുണ്ട്പഞ്ചായത്തിലെ ഇരുപത്തേഴാംമൈലിലും, ഇരുപത്തെട്ടാംമൈലിലും കൃഷി നാശത്തോടൊപ്പം വീടുകളിൽ കയറിയുള്ള കുരങ്ങുകളുടെ വിളയാട്ടം മൂലം പൊറുതിമുട്ടി നാട്ടുകാർ. വർഷങ്ങളായി ഇരുപത്തെട്ടാംമൈൽ മേഖലയിൽ കുരങ്ങുകൾ കൂട്ടമായിറങ്ങി കൃഷി നാശം വരുത്തിയിരുന്നതിനു പിന്നാലെ ഇരുപത്തേഴാംമൈലിലെ വീടുകളിൽ കയറി വീട്ടുപകരണങ്ങൾ നശിപ്പിക്കുന്നതായും നാട്ടുകാരുടെ പരാതി ഉയരുന്നത്.കഴിഞ്ഞ ദിവസം കല്ലാനോട് ഇരുപത്തേഴാംമൈലിലെ തടത്തിൽ താഴെ അങ്കണവാടിക്ക് സമീപമുള്ള വീടുകളിൽ കുരങ്ങുകൾ കയറി അതിക്രമങ്ങൾ കാട്ടിയത്. ചുമരിൽ തൂക്കിയ ഫോട്ടോകൾ, ഫർണിച്ചറുകൾ എന്നിവ മറിച്ചിടുകയും നശിപ്പിക്കുകയും ചെയ്തത്. അക്രമണ സ്വഭാവമുള്ള ഇവയെ ഭയപ്പെട്ടാണ് നാട്ടുകാർ വീടുകളിൽ കഴിയുന്നത്.കൂടാതെ വെള്ളത്തിൻ്റെ പൈപ്പ് കടിച്ച് നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഈ മേഖലയിലെ ഒട്ടനവധി കർഷകരുടെ തെങ്ങുകളിലെ നാളീകേരം പാടെ നശിപ്പിക്കുന്നത് നിത്യസംഭവമാണ്. വ്യാപകമായി മറ്റ് കൃഷികളും നശിപ്പിക്കുന്നുണ്ട്.ഇതിനെതിരെ വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും കുരങ്ങുകളുടെ ശല്യത്തിന് അറുതിവരുത്താൻ നടപടി വേണമെന്നും കർഷകർ ആവശ്യപ്പെടുന്നു.