കോഴിക്കോട് : വിദേശരാജ്യങ്ങളിലെ ടൂറിസം സാധ്യതകളുമായി കേരളത്തിനെ സാഹസിക വിനോദകേന്ദ്രമാക്കി കേരള സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി ബേപ്പൂര്‍ ബീച്ചില്‍ ഒരുക്കിയ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് ശ്രദ്ധേയമായി. തിരമാലകള്‍ക്കൊപ്പം പൊങ്ങിയും താഴുന്നും ബീച്ചിനെ ആസ്വദിക്കുന്ന വിനോദസഞ്ചാരികളുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഉദ്ഘാടനത്തിന് പിന്നാലെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള ഈ ഒത്തുച്ചേരല്‍ ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ കടലില്‍ ഒഴുകുന്ന പാലം സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും തുറമുഖ വകുപ്പിന്റെയും സഹായത്തോടെ ചാലക്കുടിയിലെ ക്യാപ്ചര്‍ ഡേയ്‌സ് അഡ്വഞ്ചര്‍ ടൂറിസം ആന്റ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ നേതൃത്വത്തിലാണ് സഞ്ചാരികള്‍ക്കായി ഒഴുകുന്ന പാലം നിര്‍മ്മിച്ചിരിക്കുന്നത്. നൂറ് മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമാണ് ഒഴുകുന്ന പാലത്തിനുള്ളത്.
വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്ന ഹൈഡെന്‍സിറ്റി പോളി എത്തിലിന്‍ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചിട്ടുള്ളത്. 1300 ബ്ലോക്കുകളാണ് ഇതിനായി ഉപയോഗിച്ചത്. തിരമാലകളുടെ ചലനങ്ങള്‍ക്കനുസരിച്ച് പാലം ഉയരുകയും താഴുകയും ചെയ്യും. ഒരേ സമയം 500 പേര്‍ക്ക് വരെ പാലത്തില്‍ കയറാം. കടലിലേക്ക് നീണ്ടുകിടക്കുന്ന പാലത്തിന്റെ അറ്റത്ത് കടല്‍ സൗന്ദര്യം ആസ്വദിക്കാനായി പ്രത്യേക പ്ലാറ്റ്‌ഫോം തയ്യാറാക്കിയിട്ടുണ്ട്.
100 രൂപയാണ് പാലത്തില്‍ കയറുന്നതിന് ഒരാളില്‍ നിന്ന് ഈടാക്കുക. ലൈഫ് ജാക്കറ്റ് ധരിച്ചു മാത്രമേ പ്രവേശനം അനുവദിക്കൂ. കടലിലേക്ക് വീഴാതെ പിടിച്ചു നില്‍ക്കുന്നതിനായി പാലത്തില്‍ കൈവരിയും സ്ഥാപിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് നവ്യാനുഭവം നല്‍കുന്ന പാലത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഒട്ടേറെ ആളുകളാണ് ദിനംപ്രതി ബേപ്പൂര്‍ ബീച്ചിലെത്തുന്നത്.