കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും പുതിയ സ്പോര്‍ട്ടി- ഫാഷന്‍ ബ്രാന്‍ഡ് ഡിബോംഗോ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചു. ഷൂസ്, സാന്‍ഡല്‍സ്, സ്ലൈഡേഴ്സ്, ബാഗ്സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഡിബോംഗോ ബ്രാന്‍ഡില്‍ വിപണിയിലെത്തുന്നത്. കേരളം ആസ്ഥാനമായ ഫാഷന്‍ ബ്രാന്‍ഡ് ഡിബോംഗോ ‘യു ആര്‍ യു’ എന്ന മുദ്രാ വാചകവുമായി രാജ്യത്തെ എല്ലാ വിപണികളിലും ഉടന്‍ എത്തും. അപ്പാരല്‍, ആക്‌സസറീസ് ഉല്‍പ്പന്ന ശ്രേണികളും അടുത്ത ഘട്ടത്തില്‍ ഡിബോംഗോ അവതരിപ്പിക്കും. അമിതാഭ് ബച്ചന്‍ ആണ് ഡിബോംഗോ ബ്രാന്‍ഡ് അംബാസഡര്‍.
കൗമാരക്കാരേയും യുവജനങ്ങളേയും ലക്ഷ്യമിട്ടുള്ള സ്പോര്‍ട്ടി- ഫാഷന്‍ ഉല്‍പ്പന്നങ്ങളാണ് ഡിബോംഗോ ബ്രാന്‍ഡില്‍ എത്തുന്നത്. ഏതു പ്രായക്കാര്‍ക്കും അനുയോജ്യമായ യുവത്വം പ്രസരിക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന ശ്രേണികളും ഡിബോംഗോ വിപണിയിലിറക്കും. അന്താരാഷ്ട്ര ഫാഷന്‍ ബ്രാന്‍ഡുകളുടെ ഗുണനിലവാരത്തിലുള്ളതാണ് ഡിബോംഗോ ഉല്‍പ്പന്നങ്ങളും. മികച്ച ഗുണമേന്മയ്ക്കൊപ്പം അനുയോജ്യമായ വിലയാണ് ഡിബോംഗോ ഉല്‍പ്പന്നങ്ങളുടെ മുഖ്യ ആകര്‍ഷണം. സ്പോര്‍ട്ടി-ഫാഷന്‍ വിപണിയില്‍ പുതിയ പരീക്ഷണങ്ങളുമായാണ് ഈ ബ്രാന്‍ഡ് എത്തിയിരിക്കുന്നത്. പിയു പാദരക്ഷാ നിര്‍മ്മാണത്തില്‍ പ്രമുഖരായ വികെസി ഗ്രൂപ്പിന് കീഴിലുള്ള ഏറ്റവും പുതിയ ഫാഷന്‍ ബ്രാന്‍ഡാണ് ഡിബോംഗോ.
‘ആകര്‍ഷകമായ നിരക്കില്‍ ലഭിക്കുന്ന മികച്ച സ്പോര്‍ട്ടി- ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ വിപണി സാധ്യതയാണുള്ളത്. ധരിക്കുമ്പോള്‍ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിക്കുകയും വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഫാഷന്‍ ബ്രാന്‍ഡ് ആണ് ഡിബോംഗോ. കണ്ടംപററി ഫാഷന്‍ ഉല്‍പ്പന്നങ്ങളിലൂടെ ആത്മവിശ്വാസമുള്ള ജനതയുടെ മനോഹര നാടായി ഇന്ത്യയെ ഉയര്‍ത്തിക്കാണിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’- വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാഖ് പറഞ്ഞു.
സ്വന്തം സവിശേഷതകളില്‍ വിശ്വാസമര്‍പ്പിക്കുന്ന യുവതലമുറയുടെ വ്യക്തിത്വം ഉയര്‍ത്തിക്കാട്ടുന്ന ‘യു ആര്‍ യു’ എന്ന മുദ്രാ വാചകത്തോടെയാണ് ഡിബോംഗോ വിപണിയില്‍ വരവറയിക്കുന്നത്. ആകര്‍ഷകമായ വ്യക്തിത്വവുമായി വേറിട്ടു നില്‍ക്കാന്‍ ‘യു ആര്‍ യു’ പരസ്യത്തിലൂടെ അമിതാഭ് ബച്ചന്‍ യുവതലമുറയ്ക്ക് പ്രചോദനം നല്‍കുന്നു.
‘ബ്രാന്‍ഡിന്റെ അഭിരുചികളെ സ്വീകരിക്കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുന്ന പതിവ് സമീപനത്തില്‍ നിന്ന് മാറി ഉപഭോക്താവിന്റെ സവിശേഷതകളുമായി ബ്രാന്‍ഡിനെ ഇണക്കിച്ചേര്‍ക്കുകയും അതുവഴി ഉപയോക്താക്കളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നവീനചിന്തയിലാണ് ഡിബോംഗോയെ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന്’ ബ്രാന്‍ഡ് ആശയത്തിന് രൂപം നല്‍കിയ ബ്രേക്ക്ത്രൂ ബ്രാന്‍ഡ് ആന്റ് ബിസിനസ് കണ്‍സല്‍ട്ടിങ് സ്ഥാപകനും സ്ട്രാറ്റജിസ്റ്റ് & ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ മനോജ് മത്തായി പറഞ്ഞു.
ഇന്ത്യയിലെ പിയു പാദരക്ഷാ വ്യവസായത്തെ വികെസി ഗ്രൂപ്പ് മുന്‍നിരയിലെത്തിച്ച പോലെ ആഗോള സ്പോര്‍ട്ടി ഫാഷന്‍ ഭൂപടത്തില്‍ ഇന്ത്യയെ മുന്‍നിരയിലെത്തിക്കാനും ഈ പുതിയ മേഖലയിലേക്ക് കടന്നുവരാന്‍ മറ്റു സംരഭകര്‍ക്ക് പ്രചോദനം നല്‍കാനുമാണ് ഡിബോംഗോ ലക്ഷ്യമിടുന്നത്.