കോഴിക്കോട് :
അകാലത്തിൽ വിട പറഞ്ഞ അതുല്യ കലാകാരൻ ഡോ. കൃഷ്‌ണനുണ്ണിയുടെ സ്‌മരണയ്ക്കായി, അദ്ദേഹത്തിന്റെ മാതൃവിദ്യാലയമായിരുന്ന സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ ഒരു മെഗാ ടാലന്റ് ഹണ്ട് മത്സരം നടത്തുന്നു. ഒരുലക്ഷം രൂപ സമ്മാനത്തുകയുള്ള ‘ഉജ്ജ്വലം ഉണ്ണി’ എന്ന മത്സരം അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 24ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. ലോഗോ പ്രകാശനം ജൂൺ 24ന് സ്‌കൂളിൽ വെച്ച്, പഴയകാല കലോത്സവ താരവും സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയുമായിരുന്ന ഡോ. രാഹുൽ ലക്ഷ്മൺ നിർവഹിക്കും. കൃഷ്‌ണനുണ്ണിയുടെ പിതാവ് ശ്രീ. പി.കെ. സുരേന്ദ്രൻ ലോഗോ പ്രകാശന ചടങ്ങിൽ സന്നിഹിതനായിരിക്കും.
1997ലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ലയ്ക്കായി കലാപ്രതിഭാപട്ടം നേടിയ കൃഷ്‌ണനുണ്ണിയുടെ ഇനങ്ങളായിരുന്ന മിമിക്രി, മോണോആക്റ്റ് എന്നിവയിലെ കൗമാരപ്രതിഭകളെ കണ്ടെത്താനാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഓൺലൈനായി സ്‌കൂൾ വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്യണം. 1000 രൂപയാണ് എൻട്രി ഫീ. റജിസ്റ്റർ ചെയ്‌ത കുട്ടികൾ, രണ്ടര മിനിറ്റ് ദൈർഘ്യമുള്ള തങ്ങളുടെ എൻട്രികൾ ഓൺലൈനായി പങ്കുവെയ്ക്കണം. ജൂലൈ 7 ആണ് എൻട്രികൾ അയക്കാനുള്ള അവസാന തീയതി. ഇതിൽ നിന്നും മിമിക്രി, മോണോആക്റ്റ് എന്നീ വിഭാഗങ്ങളിലെ മികച്ച 10 എൻട്രികൾ തിരഞ്ഞെടുക്കും. ഈ എൻട്രികൾ അയച്ചവർക്ക് ജൂലൈ 24 ലെ ഫൈനൽ റൗണ്ടിൽ മത്സരിക്കാം. ഓരോ വിഭാഗങ്ങളിലേയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക്, യഥാക്രമം 25000 രൂപ, 15000 രൂപ, 10000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക ലഭിക്കുക.
സ്‌കൂളിൽ കൃഷ്‌ണനുണ്ണിയുടെ സഹപാഠികളായിരുന്ന 1998 എസ്.എസ്.എൽ.സി ബാച്ചുകാരാണ് ‘ഉജ്ജ്വലം ഉണ്ണി’ എന്ന പരിപാടി സ്പോൺസർ ചെയ്യുന്നത്. സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ‘മിഷൻ ഗ്ലോറിയസ് സാഞ്ചോ’ എന്ന പദ്ധതിയുടെ കീഴിലുള്ള ആർട്ട്സ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.